തിരുവനന്തപുരം: എസ്.കെ ആശുപത്രി വാങ്ങിയെന്ന വ്യാജപ്രചരണം നടത്തുകയും തന്റെ കുടുംബാംഗങ്ങളെ അപമാനിക്കുകയും ചെയ്ത നടപടിക്കെതിരെ പരാതിയുമായി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാർ. എറണാകുളം സ്വദേശികളായ രണ്ടുപേർക്ക് എതിരെയാണ് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശിവകുമാർ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മുൻസിഫ് കോടതിയിലുമാണ് കേസ് നൽകിയത്.
എറണാകുളം സ്വദേശികളായ ഡോ.അജയ് ബാലകൃഷ്ണൻ, ഗ്ലിൻസി എന്നിവർക്കെതിരെ നേരത്തെ ശിവകുമാർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഗ്ലിൻസി ഹാജരായിരുന്നില്ല. കൂടാതെ ഇരുവരും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യവും നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്.
“എന്നെയും കുടുംബത്തെയും നിരന്തരമായി ഫേസ്ബുക്കിലൂടെ അപമാനിക്കുകയാണ് ഇവർ. പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൃത്യമായി മറുപടി നൽകിയില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ ജീവിതത്തെ കളങ്കപ്പെടുത്താനാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്”; ശിവകുമാർ പറഞ്ഞു. തിരുവനന്തപുരം ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് പണം തട്ടിയെന്നാരോപിച്ച് നേരത്തെ ശിവകുമാറിന്റെ വീടിന് മുന്നിൽ നിക്ഷേപകർ പ്രതിഷേധം നടത്തിയിരുന്നു. പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ തട്ടിപ്പുമായി പങ്കില്ലെന്നാണ് ശിവകുമാർ പ്രതികരിച്ചത്.
സർക്കാർ ആശുപത്രികളിൽ ഒരു ഏജൻസി മുഖേന കണ്ണട ഷോപ്പുകൾ ആരംഭിക്കാൻ അനുമതി നൽകിയെന്നാണ് ഗ്ലിൻസി അവിനാഷ് വ്യാജപ്രചരണം നടത്തിയത്. ഇവർക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇവരെ തിരുവനന്തപുരം സൈബർ പൊലീസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. ഈ സാഹചര്യത്തിലാണ് ശിവകുമാർ ക്രിമിനൽ കേസ് ഫയൽ ചെയ്തത്.