വടകര: കോഴിക്കോട് ജില്ല ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലെ വരാന്തയിൽ സ്റ്റീൽ അഴിക്കുള്ളിൽ ആറു വയസ്സുകാരിയുടെ തല കുടുങ്ങി.
മാതാവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു ആറു വയസ്സുകാരി. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. സ്റ്റീൽ അഴിക്കുള്ളിൽ തല കടത്തിയ ശേഷം തിരിച്ചിറക്കാൻ കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തല കുടുങ്ങിയതോടെ കുട്ടി പരിഭ്രമിച്ച് കരയാൻ തുടങ്ങി. ആശുപത്രി അധികൃതരും കുട്ടിയുടെ മാതാവും കുരുങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഒടുവിൽ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
അഗ്നിരക്ഷാഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്റ്റീൽ അഴികൾ മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം അരമണിക്കൂറിലേറെ നേരം നീണ്ടെങ്കിലും കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളിലെന്ന് ഡോക്ടർമാർ അറിയിച്ചു.
സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫിസർ പി. വിജിത്ത് കുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ആർ. ദീപക്, സന്തോഷ്, ബിനീഷ്, മനോജ് കിഴക്കേക്കര, അഖിൽ, ജിബിൻ, ജയകൃഷ്ണൻ, അഹമ്മദ് അജ്മൽ, ഹോം ഗാർഡ്സ് രതീഷ്, സത്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.