കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 35 പേര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളത്ത് വെച്ച് റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്ആര്‍ടിസിയും അതിന്റെ പിന്നിലായി കാറും വന്നിടിച്ചാണ് അപകടമുണ്ടായത്.(Six vehicles collided; 35 people were injured)
ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം. കൂത്താട്ടുകുളം ടൗണില്‍ വി സിനിമാ തിയേറ്ററിന് സമീപത്തായാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസ്, ട്രാവലര്‍, കാര്‍ എന്നിവയിലുണ്ടായിരുന്ന ആളുകള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരു യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ 34 പേര്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.