ആ നേരം അല്പ നേരം എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ സിദ്ദിഖ് ന്യൂ ഡൽഹി എന്ന സൂപ്പർ ഹിറ്റ് ജോഷി ചിത്രത്തിലൂടെയാണ് കൂടുതൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. Siddiqui’s City of Fortune;
മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ന്യൂ ഡൽഹി. അതുപോലെ തന്നെയാണ് സിദ്ദിഖിനും. തനിക്ക് ഏറ്റവും സ്പെഷ്യലായിട്ടുള്ള ആദ്യ സിനിമയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ചിത്രമാണ് ന്യൂ ഡൽഹിയെന്ന് സിദ്ദിഖ് പലപ്പോഴും പറയാറുണ്ട്.
ആ സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോൾ മുതലാണ് സിദ്ദീഖ് ഒരു നടനായത്. അത്രയും പ്രാധാന്യമുള്ള കഥാപാത്രം. സിനിമ വമ്പൻ സക്സസ്. ജോഷി, ഡെന്നീസ് ജോസഫ്, മമ്മൂട്ടി തുടങ്ങി ഏറ്റവും ടോപ്പ് ക്ലാസ്സിൽ നിൽക്കുന്ന ആളുകളുമായി ആരംഭിച്ച അടുപ്പം.
പിന്നീട് അങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നാം നാളാണ് ന്യൂഡൽഹി ഷൂട്ടിങ്ങിനുവേണ്ടി സിദ്ദിഖ് ഡൽഹിയിലേക്കു പോകുന്നത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നുകേട്ടപ്പോൾ തന്നെ ഭാര്യ കരച്ചിലായി.
ഒരുവിധം ആളെ സമാധാനിപ്പിച്ച് വെളുപ്പിന് ആറു മണിക്ക് കൊടുങ്ങല്ലൂർ സ്റ്റാൻഡിൽ നിന്ന് ട്രാൻസ്പോർട്ട് ബസ് കയറി കൊച്ചി എയർപോർട്ടിലേക്കു പുറപ്പെട്ടു. അവിടെ നിന്ന് ഡൽഹിയിലേക്ക്. അതാണ് സിനിമയിലേക്കുള്ള യാത്രയായി സിദ്ദിഖ് മനസ്സിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.
ആ ന്യൂഡൽഹി ഭാഗ്യം വീണ്ടും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിദ്ദീഖ്സുപ്രീംകോടതിലെ മുൻകൂർ ജാമ്യ ഹർജിയിൽ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷ യിലാണ് നടനിപ്പോൾ. അതുവരെ ഒളിവിൽ തുടരാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. അതിനുള്ളിൽ പിടികൊടുത്താൽ മാസങ്ങൾ റിമാൻഡിൽ കഴിയേണ്ടി വരുമെന്ന ആശങ്കയുണ്ട് നടന്.
സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിനും അതിജീവിതയ്ക്കുമൊപ്പം മറ്റൊരു തടസ ഹർജി കൂടി എത്തിയിട്ടുണ്ട്. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയ വ്യക്തിയാണ് അജീഷ്.
ബലാത്സംഗ കേസിൽ ചലച്ചിത്ര താരം സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. തിങ്കളാഴ്ച ഈ ബെഞ്ച് പരിഗണിക്കുന്ന 62-ാമത്തെ കേസ് ആയി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തു.
മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജീത റോത്തഗി സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നൽകിയിരുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസ് പരിഗണിക്കേണ്ട ബെഞ്ച് നിശ്ചയിച്ച് ഉത്തരവിറക്കിയത്. തുടർന്ന് സുപ്രീം കോടതി രജിസ്ട്രി മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്ത സപ്ലിമെന്ററി ലിസ്റ്റ് പുറത്തിറക്കിയത്.
സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി. മെറിൻ ജോസഫ് നാളെ ഡൽഹിയിൽ എത്തും. തിങ്കളാഴ്ച സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ കൂടിക്കാഴ്ച നടത്തും. ഇതിനിടെ സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷക സംഘം ശക്തമാക്കാൻ സർക്കാർ നീക്കം ആരംഭിച്ചു.
മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയിൽ ഹാജരാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ, രഞ്ജിത് കുമാറിന് പുറമെ മുതിർന്ന വനിത അഭിഭാഷകരിൽ ആരെയെങ്കിലും കൂടി സുപ്രീം കോടതിയിൽ ഹാജരാക്കാൻ ആലോചിക്കുന്നതായി ഉന്നത സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
വിധി പ്രതികൂലമായാൽ ഉടൻ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകർ മുഖേന നടൻ പൊലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോൺ നമ്പർ നിലവിൽ സ്വിച്ച്ഡ് ഓഫ് ആണ്.
കൊച്ചിയിൽ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. നഗരത്തിൽ തന്നെ ആറിടങ്ങളിൽ സിദ്ദിഖ് രണ്ടു ദിവസമായി മാറി മാറിയെത്തി എന്ന വിവരവും പൊലീസിനുണ്ട്.
സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യേണ്ട എന്ന ഉന്നതല നിർദേശത്തെ തുടർന്ന് പൊലീസ് കണ്ണടയ്ക്കുകയാണ് എന്ന വിമർശനവും ഉയരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് താങ്ങൾക്കെതിരെ ഉണ്ടായ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു കേസ് ആയിരുന്നു നടൻ സിദ്ദിഖിന് എതിരെ എത്തിയത്. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് താരത്തിനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. ഇതോടെ താരം തന്നെ ആ പദവിയിൽ നിന്നും രാജിവയ്ക്കുന്ന കാഴ്ചയും കേരളക്കര കണ്ടു. ഇതിന് പിന്നാലെ വലിയ കോളുകൾ സൃഷ്ടിച്ച കേസ് ആയിരുന്നു അത്.
ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടുകൂടി സിദ്ദിഖ് ഒളിവിൽ പോവുകയായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള നീക്കം തടയുന്നതിന് വേണ്ടി താരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സിദ്ദിഖിനെ തിരഞ്ഞുള്ള ലുക് ഔട്ട് നോട്ടിസ് മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും പൊലീസ് നൽകിയിട്ടുണ്ട്. സിദ്ദിഖ് കേരളം വിട്ടുവെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. നടന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ച ശേഷം മാത്രം അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്കു പൊലീസ് കടക്കാനാണു സാധ്യത.