വൈപ്പിൻ: വൃശ്ചികമാസത്തിൽ മാത്രം സംഭവിച്ചിരുന്ന വേലിയേറ്റം കുംഭമാസമാസത്തിലും തുടരുന്നതിനാൽ വൈപ്പിൻ മേഖലയിലെ ചെമ്മീൻ കെട്ടുകാരും സാമ്പത്തിക പ്രതിസന്ധിയിലായി.
ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകൾ നിറഞ്ഞ് കവിഞ്ഞ് പറമ്പുകളിലേക്കും തോടുകളിലേക്കും ഒഴുകുകയാണ്.
ഹാച്ചറികളിൽ നിന്ന് വാങ്ങി കെട്ടുകളിൽ നിക്ഷേപിച്ച് വളർത്തിയിരുന്ന ചെമ്മീൻ കുഞ്ഞുങ്ങളും ഞണ്ടുകളും കെട്ട് നിറഞ്ഞ് പുറത്തേക്ക് ഒഴുകി പോയതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ വിളവെടുപ്പ് നടത്തേണ്ടത്. എന്നാൽ കടുത്ത വേലിയേറ്റം മൂലം ഈ മാസങ്ങളിൽ കെട്ടുകൾ കാലിയാകുന്ന അവസ്ഥയിലാണെന്ന് കെട്ടുടമകളും ലേലം പിടിച്ച് നടത്തുന്നവരും പറയുന്നു.
ഏപ്രിൽ 15 വരെ മാത്രമാണ് ചെമ്മീൻ കൃഷിക്ക് നിയമം അനുവദിക്കുന്നത്. അതിനുശേഷം ചെമ്മീൻ കെട്ടുകൾ പൊക്കാളി കൃഷിക്കായി രൂപപ്പെടുത്തണമെന്നാണ് ചട്ടം.
മാർച്ച് , ഏപ്രിൽ മാസങ്ങളിൽ മാത്രമാണ് ചെമ്മീനുകളും മീനുകളും ഞണ്ടുകളും പിടിച്ച് വിൽക്കുന്നതിലൂടെ ആറ് മാസ കാലാവധിയിൽ ചെലവെല്ലാം തിരിച്ച് പിടിച്ച് കർഷകർക്ക് എന്തെങ്കിലും മിച്ചം പിടിക്കാൻ കഴിയുന്നത്.