കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതിനെ തുടർന്ന് യുവ അഭിഭാഷകനെതിരെ നടപടി.
ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി റീല്‍ ആയി പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി.
സ്വമേധയാ എടുത്ത നടപടിയില്‍ അഭിഭാഷകന് കേരള ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
എൻറോൾമെന്‍റ് ചെയ്ത ദിവസമാണ് ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസ് ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് റീൽ എടുത്തത്.
ഇയാൾക്കെതിരെ ബാർ കൗൺസിലാണ് നടപടിയെടുത്തത്. ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങള്‍ റീല്‍സില്‍ ഉപയോഗിച്ചത് നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് എന്നാണ് കേരള ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍.
ഇത് പ്രഥമദൃഷ്ട്യാ അച്ചടക്ക നടപടിക്ക് മതിയായ കാരണമാണെന്നും ബാര്‍ കൗണ്‍സില്‍ നല്‍കിയ നോട്ടീസിലുണ്ട്.