വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: വേനൽക്കാലം ശക്തമാകുന്നതിനിടെ വിവിധ പകർച്ചവ്യാധികൾ ഭീഷണിയാകുമ്പോൾ ഇത്തവണ പ്രധാന വെല്ലുവിളിയായി ഉയർന്നിരിക്കുന്നത് ഷിഗെല്ല ബാധയാണ്. കോഴിക്കോട് പെരുവയൽ പഞ്ചായത്തിൽ മൂന്നര വയസ്സുകാരി ഷിഗെല്ല ബാധിച്ച് മരിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേർക്ക് രോഗലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മലിനജലം, ശുചിത്വമില്ലാത്ത ഭക്ഷണം എന്നിവ വഴിയാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. വൃത്തിഹീനമായി തയ്യാറാക്കിയ ശീതളപാനീയങ്ങളും വേവിക്കാത്ത ഭക്ഷണവും രോഗബാധയ്ക്ക് കാരണമാകാം. അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. കൈവിരലുകൾ വായിൽ വയ്ക്കുന്ന ശീലം കുട്ടികളിൽ കൂടുതലായതിനാൽ രോഗബാധയ്ക്ക് സാധ്യത കൂടും.
ഷിഗെല്ല ബാധിച്ച വ്യക്തി തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. സാധാരണയായി ആമാശയത്തിലെ അമ്ലം പല ബാക്ടീരിയകളെയും നശിപ്പിച്ചേക്കുമെങ്കിലും, ഷിഗെല്ലയ്ക്ക് അതിനെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നതാണ് അപകടകരം.
രോഗബാധയേറ്റാൽ മൂന്നു ദിവസത്തിനുള്ളിൽ പനി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില കേസുകളിൽ ഇത് വൻകുടലിനെ ബാധിച്ച് മുറിവുകൾ ഉണ്ടാകുകയും മലത്തിൽ രക്തം കാണപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള ഗുരുതര ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
ചികിത്സയിൽ നിർജ്ജലീകരണം ഒഴിവാക്കാൻ ORS കുടിക്കൽ നിർബന്ധമാണ്. ഡോക്ടറുടെ നിർദേശപ്രകാരം സിങ്ക് ഗുളികകളും നൽകാം. ചെറിയ കുട്ടികളിൽ ഉയർന്ന പനിയോടൊപ്പം അപസ്മാരസദൃശ ലക്ഷണങ്ങൾ കാണാൻ സാധ്യതയുള്ളതിനാൽ പ്രത്യേക പരിചരണം ആവശ്യമാണ്.
ഡോ. രാജീവ് ജയദേവൻ അറിയിച്ചു: ഷിഗെല്ല കുഞ്ഞുങ്ങളിൽ രക്തകോശങ്ങളെ നശിപ്പിക്കുകയും വൃക്ക പ്രവർത്തനം തകരാൻ വരെ ഇടയാക്കുകയും ചെയ്യാം. അതിനാൽ പനിയും വയറിളക്കവുമുള്ള കുട്ടികളെ ഡോക്ടറെ കാണിക്കാൻ വൈകിക്കരുത്.
പ്രതിരോധ മാർഗങ്ങൾ
ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുക
കുട്ടികളുടെ ഡയപ്പർ സുരക്ഷിതമായി സംസ്കരിക്കുക
ഡയപ്പർ മാറ്റിയ ശേഷം കൈകൾ നന്നായി വൃത്തിയാക്കുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യരുത്
ഭക്ഷണത്തിൽ ഈച്ചകൾ ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കുക
ഭക്ഷണം തുറന്ന് വയ്ക്കുന്നത് ഒഴിവാക്കുക
English Summary
Shigella infection has emerged as a major health concern this summer in Kerala, especially affecting children. A three-and-a-half-year-old child died in Kozhikode due to the infection.
The bacteria spreads through contaminated water and unhygienic food. Children under five are particularly vulnerable due to low immunity and poor hygiene habits.
Symptoms include fever and diarrhea, and in severe cases, blood in stools. Immediate medical attention is necessary. Preventive measures include proper hygiene, safe food handling, and drinking boiled water.









