തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 4 ജനറൽ സെക്രട്ടറിമാർ, 10 വൈസ് പ്രസിഡന്റുമാർ, 10 സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്ന സംസ്ഥാന ഭാരവാഹി പട്ടിക തയ്യാറായി. രണ്ടു ദിവസത്തിനകം പ്രഖ്യാപനം വരുമെന്നാണ് പുറത്തു വരുന്ന വിവരം.
ബി. ജെ. പി സംസ്ഥാന കമ്മിറ്റി അംഗം ഷോൺ ജോർജിന്റെ പേരാണ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യം തന്നെ വന്നത്. ഇത് പാസാക്കുകയും ചെയ്തു. മറ്റു സെക്രട്ടറിമാരേയും ഭാരവാഹികളേയും ഉടൻ പ്രഖ്യാപിക്കും.
നിലവിൽ എം.ടി.രമേശ്, പി.സുധീർ, സി.കൃഷ്ണകുമാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിയായിരുന്ന ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായതോടെ ആ ഒഴിവ് നികത്തിയിരുന്നില്ല. തലസ്ഥാനത്തുനിന്നു പ്രവർത്തനം ഏകോപിപ്പിക്കാൻ മികവുള്ള ഒരു ജനറൽ സെക്രട്ടറി വേണമെന്നായിരുന്നു നിർദേശം.
നേരത്തെ 10 വൈസ് പ്രസിഡന്റുമാരുണ്ടായിരുന്നെങ്കിലും പകുതിപ്പേരും മുൻനിര പ്രവർത്തനത്തിന് എത്തിയിരുന്നില്ലെന്ന പരാതി കെ.സുരേന്ദ്രനുണ്ടായിരുന്നു.
ജില്ലാ കമ്മിറ്റികളിൽ പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. ജില്ലാ കമ്മിറ്റി രൂപീകരിക്കാനും ഭാരവാഹികളെ നിശ്ചയിക്കാനും സംസ്ഥാന പ്രസിഡന്റ് ജില്ലാ നേതൃത്വവുമായി ചർച്ച ചെയ്യേണ്ടിവരും.
വഖഫ് ബിൽ പാസയതോടെ ഒരു പുത്തൻ താരോദയമുണ്ടായി കേരള രാഷ്ട്രീയത്തിൽ. അതാണ് ഷോൺ ജോർജ്. പിസി ജോർജിന്റെ മകൻ. എന്നാൽ പിസിയെ പോലെയല്ല ഷോൺ എന്നുതന്നെ പറയാം. അതുക്കും മേലെയാണ് ഷോണിന്റെ സ്ഥാനം.
കാരണം പിസി ജോർജിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സ്വന്തം മണ്ഡലത്തിൽ മാത്രമായിരുന്നു. എന്നാൽ മകൻ ഷോൺ ജോർജ് കേരളം മുഴുവൻ ഓടിനടന്ന് പ്രവർത്തിക്കുകയാണ്.