ജഗ്ദീപ് ധൻകറിന് പകരം തരൂർ!
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ അടുത്ത ഉപരാഷ്ട്രപതിയാര് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിട്ടുണ്ട്. ജഗ്ദീപ് ധൻകറിന്റെ രാജി സംബന്ധിച്ച് പലതരം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബിജെപി നേതൃത്വത്തിന്റെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാഗമായാണ് രാജി എന്ന നിലപാടാണ് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകർ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.
പ്രതിപക്ഷ സഖ്യത്തെയും കോൺഗ്രസിനെയും കൂടുതൽ ദുർബലപ്പെടുത്താനുള്ള സർജിക്കൽ സ്ട്രൈക്കാകാം ധൻകറിന്റെ രാജി എന്ന സാധ്യതയിലേക്കാണ് രാഷ്ട്രീയ നിരീക്ഷകർ വിരൽചൂണ്ടുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ശശി തരൂരിനെ അടുത്ത ഉപരാഷ്ട്രപതിയായി കേന്ദ്രസർക്കാർ നിർദ്ദേശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
കഴിഞ്ഞ കുറേകാലമായി കോൺഗ്രസ് നേതൃത്വവുമായി പ്രകടമായ അകൽച്ചയിലാണ് മുതിർന്ന നേതാവ് ശശി തരൂർ. കുറച്ചു നാളുകളായി കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്താനും അദ്ദേഹം മടികാണിക്കാറില്ല. ശശി തരൂർ തങ്ങൾക്കൊപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. മോദിയുടെ ചാരനാണ് തരൂർ എന്ന ഗുരുതരമായ ആരോപണവും കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു.
ശശി തരൂരിന് പുറമേ മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരുടെ പേരുകളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് മുൻതൂക്കമുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. തരൂരിന് കേന്ദ്രസർക്കാർ ഒരു ഉയർന്ന പദവി നൽകുമെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ഇതിനിടെ ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെ തരൂർ ഉപരാഷ്ട്രപതിയായേക്കും എന്ന തരത്തിലുള്ള ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടിസ് രാജ്യസഭയിൽ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരും രാജ്യസഭാ അധ്യക്ഷൻ കൂടിയായ ജഗ്ദീപ് ധൻകറുമായി തർക്കമുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇതാണ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ, ബിജെപിയുടെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാഗമാണ് രാജിയെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ശശി തരൂരിനെ കോൺഗ്രസിൽ നിന്നും പൂർണമായും അകറ്റുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിൽ പോലും സുപരിചിതനായ തരൂരിനെ ഉപരാഷ്ട്രപതിയാക്കുന്നത് ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്.
English Summary :
Political observers have warned that the possibility of senior Congress leader Shashi Tharoor being proposed as the next Vice President by the central government cannot be ruled out.