തിരുവനന്തപുരം: വാക്സിൻ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടിയെ എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകാണ്. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് കുട്ടിയെ നായ ആക്രമിച്ചത്. മുറ്റത്തിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ നായ കടിക്കുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ആന്റീ റാബീസ് സിറം നൽകുകയും ചെയ്തു. ഐഡിആർവി ഡോസും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ ഐഡിആർവി ഡോസ് നൽകി.
ഇതിനിടെ ഏപ്രിൽ ഇരുപത്തിയെട്ടിന് കുട്ടിക്ക് പനി ബാധിച്ചു. ഇനി മേയ് ആറിന് ഒരു ഡോസ് കൂടി നൽകാനിരിക്കെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് മറ്റാരെയെങ്കിലും ഈ നായ കടിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.