ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭയിൽ 51 വർഷം പൂർത്തിയാക്കിയ ചരിത്രനേട്ടമുള്ള വ്യക്തിയാണ് ഉമ്മൻചാണ്ടി. അതുപോലെ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമുണ്ട് തുടർ വിജയികൾ. കേരളത്തിൽ നിന്ന് ഏഴും തവണ പാർലമെന്റിലെത്തിയത് അഞ്ചു പേരാണ്. മൂവരും മുസ്ലിംലീഗുകാർ. രണ്ടു പേർ കോൺഗ്രസുകാരും. ഇബ്രാഹിം സുലൈമാൻസേട്ട്, ജി.എം. ബനാത്‌വാല, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സപ്തവിജയികൾ.
ഇതിൽ ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് പൊന്നാനിയിൻ നിന്നു മാത്രം ജയിച്ചിട്ടുള്ള ബനാത്‌വാലയ്‌ക്കും. അടൂർ മണ്ഡലത്തെ നാലു തവണയും മാവേലിക്കരരെ മൂന്നു വട്ടവും പ്രതിനിധീകരിച്ച കൊടിക്കുന്നിൽ എട്ടാം ജയം ആഗ്രഹിച്ച് ഇത്തവണയും മാവേലിക്കരയിൽ മത്സരത്തിലുണ്ട്.
1977 മുതൽ 99 വരെ നടന്ന എട്ടു തെരഞ്ഞെടുപ്പിൽ ഏഴു തവണയും പൊന്നാനിയുടെ പ്രതിനിധി ബനാത് വാലയായിരുന്നു. 91ൽ ബനാത്‌വാലയ്‌ക്ക് പകരം സുലൈമാൻ സേട്ടായിരുന്നു പൊന്നാനിയിലെ ലീഗ് സ്ഥാനാർഥി. അതിനാൽ ബനാത്‌വാലയക്ക് എട്ടാം വിജയം നഷ്ടമായി.പൊന്നാനിക്കു പുറമെ 1967ലും 71ലും കോഴിക്കോട്ടു നിന്നും മഞ്ചേരിയിൽ നിന്ന് നാലുതവണയും (1977, 80, 84, 89) ജയിച്ചാണ് സേട്ട് ഏഴ് തവണ ലോക്‌സഭയിലെത്തിയത്. മഞ്ചേരിയിൽ നിന്ന് നാലു തവണയും (1991, 96, 98, 99), മലപ്പുറത്തു നിന്ന് രണ്ടു തവണയും (2004, 14) 2009ൽ പൊന്നാനിയിൽ നിന്നും ജയിച്ചാണ് അഹമ്മദ് ലോക്‌സഭയിലെത്തിയത്.
ഏഴു വിജയം നേടിയ മുല്ലപ്പള്ളിയുടെ കന്നി മത്സരം തോൽവിയോടെയായിരുന്നു. 80ൽ വടകരയിൽ കെ.പി. ഉണ്ണികൃഷ്ണനോട് തോറ്റെങ്കിലും പിന്നീട് തുടർച്ചയായി കണ്ണൂരിൽ നിന്ന് അഞ്ചു ജയം (1984, 89, 91, 96, 98), 99ലും 2004ലും കണ്ണൂരിൽ അബ്ദുള്ളക്കുട്ടിയോട് തോറ്റതോടെ മണ്ഡലം മാറിയ മുല്ലപ്പള്ളി 2009ലും 14ലും വടകരയുടെ എംപിയായി. കൊടിക്കുന്നിൽ സുരേഷ് 1989, 91, 96, 99 വർഷങ്ങളിൽ അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അടൂർ മണ്ഡലം ഇല്ലാതായപ്പോൾ മാവേലിക്കരയിൽനിന്ന് 2009,14,19 വർഷങ്ങളിൽ ജയം ആവർത്തിച്ചു.
പി.സി. തോമസ്, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ വിജയത്തിന് കൂടുതൽ തിളക്കമുണ്ട്. ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ ആറു ജയം എന്നതാണത്. ഡബിൾ ഹാട്രിക് വിജയികൾ ഈ രണ്ടു പേർ മാത്രം. കെ.പി. ഉണ്ണികൃഷ്ണൻ ദൽഹിയിൽ മാതൃഭൂമിയുടെ ലേഖകനായിരുന്ന ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെയാണ് 1971ൽ ആദ്യമായി വടകരയിൽ മത്സരത്തിനെത്തുന്നത്. 71ലും 77ലും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ഉണ്ണികൃഷ്ണൻ, 80ൽ കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചാണ് ലോക്‌സഭയിലെത്തിയത്. തുടർന്ന് 84ലും 89ലും 91ലും വടകരയിൽ ഉണ്ണികൃഷ്ണൻ ജയിച്ചു, കേരളത്തിൽ ഒരു മണ്ഡലത്തിൽനിന്ന് തുടർച്ചയായി ആറു തവണ ജയിക്കുന്ന ആദ്യ ആളായി.1996ൽ വീണ്ടും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ൽ വി.പി. സിങ് മന്ത്രിസഭയിൽ വാർത്താവിനിമയ മന്ത്രിയായ ഉണ്ണികൃഷ്ണൻ കോൺഗ്രസിതര മന്ത്രിസഭയിൽ കാബിനറ്റ് പദവി വഹിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ലോക്‌സഭാംഗം എന്നപേരും നേടി.
പി.സി. തോമസ്മൂവാറ്റുപുഴയിൽനിന്ന് 84 മുതൽ ആറ് തെരഞ്ഞെടുപ്പിലും ജയിച്ച പി.സി. തോമസിന്റെ നേട്ടത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ആദ്യ അഞ്ച് തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. ആറാം തവണ ബിജെപി മുന്നണി സ്ഥാനാർഥിയായി ഇടതുവലതു മുന്നണികളെ തോൽപ്പിച്ചായിരുന്നു തോമസിന്റെ ജയം.