കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയു പീഡന കേസിൽ അതിജീവിതക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും. ഉടൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് സർക്കാർ നടപ്പാക്കായില്ല.
തുടർന്ന് മെഡിക്കൽ കോളജിൽ അനിത സമരം തുടങ്ങി. അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധനേടിയതിനു പിന്നാലെയാണ് അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്. അനിതയ്ക്ക് പിന്തുണയുമായെത്തിയ അതിജീവിത കണ്ണുകെട്ടി പ്രതിഷേധിച്ചിരുന്നു. കണ്ണുതുറന്ന് കാണാത്ത ആരോഗ്യമന്ത്രിക്ക് എതിരെയാണ് കണ്ണുകെട്ടി പ്രതിഷേധമെന്നായിരുന്നു അതിജീവിത പറഞ്ഞത്.
അതേസമയം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അനിതയെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാർ വേട്ടക്കാർക്കും പീഡനവീരന്മാർക്കുമൊപ്പമാണെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അനിതയ്ക്കു നേരിടുന്ന അനുഭവങ്ങൾ തെളിയിക്കുന്നതെന്നായിരുന്നു സതീശൻ പറഞ്ഞത്. ആരോഗ്യ മന്ത്രി നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മുഖ്യമന്ത്രി അവരുടെ വേണ്ടാതീനത്തിന് സർവ പിന്തുണയും കൊടുത്തു കൂടെ നിൽക്കുന്നു. ഈ മന്ത്രിയും ഒരു സ്ത്രീയല്ലേ ? –പ്രതിപക്ഷ നേതാവ് ചോദിച്ചു.