ശരീരം തളര്‍ന്ന രോഗികള്‍ക്ക് ചിന്തയിലൂടെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള ഉപകാരണമായ ന്യൂറാലിങ്കിന്റെ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ഉപകരണം
രണ്ടാമതൊരു രോഗിയില്‍ കൂടി സ്ഥാപിച്ചതായി കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. (Second patient implanted with Neuralink brain chip )
ആദ്യ രോഗിയെ പോലെ തന്നെ നട്ടെല്ലിന് പരിക്കേറ്റ രോഗിയില്‍ തന്നെയാണ് രണ്ടാമതും ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ചതെന്ന് വെള്ളിയാഴ്ച ഒരു പോഡ്കാസ്റ്റില്‍ മസ്‌ക് പറഞ്ഞു.
ഈ വര്‍ഷം തന്നെ എട്ട് പേരില്‍ കൂടി ഉപകരണം സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മസ്‌ക് പറയുന്നു.
ടെലിപ്പതി എന്ന് വിളിക്കുന്ന ഉപകരണം. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ശരീരം തളര്‍ന്ന രോഗികള്‍ക്ക് ചിന്തയിലൂടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവ് നല്‍കുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച ഈ ഉപകരണം.
ജനുവരിയില്‍ അരിസോണ സ്വദേശിയായ നോളണ്ട് ആര്‍ബോ എന്നയാളിലാണ് ന്യൂറാലിങ്ക് ആദ്യമായി ഘടിപ്പിച്ചത്.
ഒരു അപകടത്തില്‍ ശരീരം തളര്‍ന്നുപോയ ഇയാള്‍ക്ക് ന്യൂറാലിങ്ക് ചിപ്പിന്റെ സഹായത്തോടെ വീഡിയോ ഗെയിമുകള്‍ കളിക്കാനും ഇന്റര്‍നെറ്റില്‍ തിരയാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കാനും ലാപ്‌ടോപ്പിലെ കഴ്‌സര്‍ നീക്കാനും സാധിച്ചിരുന്നു.
എന്നാൽ,ഇയാളിൽ ഘടിപ്പിച്ച ന്യൂറാലിങ്ക് ഉപകരണത്തില്‍ ചില സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു. മസ്തിഷ്‌ക ചര്‍മ്മത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്ത നാരുകള്‍ വേര്‍പെട്ടതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.
ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടായിരിക്കും രണ്ടാമത്തെ ആളില്‍ ഉപകരണം സ്ഥാപിക്കുകയെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഉപകരണം ഘടിപ്പിച്ചിരിക്കുന്ന ആളുടെ പേര് വിവരങ്ങള്‍ മസ്‌ക് വെളിപ്പെടുത്തിയില്ല. രണ്ടാമത്തെ രോഗിയുടെ മസ്തിഷ്‌കത്തില്‍ സ്ഥാപിച്ച 400 ഓളം ഇലക്ട്രോഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മസ്‌ക് വ്യക്തമാക്കി.