കൽപ്പറ്റ: സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. തസ്കിയ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് മാറ്റി. സുഹൃത്ത് അജ്‌മ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.