വളാഞ്ചേരി: നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. മാറാക്കര എന്‍ഒസി പടി-കീഴ്മുറി റോഡില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. മാറാക്കര എയുപി സ്‌കൂളിനു സമീപം കുന്നത്തുംപടിയന്‍ ഹുസൈന്‍(65), മകന്‍ ഹാരിസ് ബാബു(32) എന്നിവരാണ് മരിച്ചത്.
റോഡരികിലെ മതില്‍ ഇടിച്ചു തകര്‍ത്ത സ്കൂട്ടർ സ്വകാര്യവ്യക്തിയുടെ കിണറില്‍ പതിക്കുകയായിരുന്നു. കരുവത്ത് സുരേന്ദ്രന്‍ എന്നയാളുടെ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് ആള്‍മറയിലും ഇടിച്ചശേഷമാണ് സ്‌കൂട്ടര്‍ കിണറിലേക്ക് വീണത്. ഏര്‍ക്കര ജുമാ മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തശേഷം സഹോദരന്റെ വീട്ടിലുള്ള മാതാവിനെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്.
ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാസേനാംഗങ്ങളും പോലീസും ചേർന്നാണ് ഇരുവരേയും കിണറില്‍ നിന്ന് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കദീജയാണ് ഹുസൈന്റെ ഭാര്യ. അപകടത്തില്‍ മരിച്ച ഹാരിസ് ബാബുവിനെ കൂടാതെ മുസ്തഫ(ഗള്‍ഫ്), സുബൈദ, നാസര്‍, കുഞ്ഞിമുഹമ്മദ് എന്നിവരാണ് മക്കൾ. മരുമക്കള്‍: റഷീദ, അബൂബക്കര്‍, ജംഷീന, അലീമ. കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് ഹാരിസ് ബാബു. ഭാര്യ: ഹസീന. മകന്‍: ഹനാന്‍.
കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ തിരൂര്‍ ഗവ. ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാറാക്കര ഏര്‍ക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.