കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷം ജീവിച്ച ഹര്‍ഷിനയുടെ പരാതിയില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. കോഴിക്കോട് ഗവ. മെഡിക്കല്‍ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശനാണ് അന്വേഷണം നടത്തിയത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ഓഗസ്റ്റ് 1ന് ബോര്‍ഡ് ചേരും. ഡിഎംഒ ചെയര്‍മാനായ സമിതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗൈനക്കോളജിസ്റ്റ്, അനസ്തിസ്റ്റ്, മെഡിസിന്‍, സര്‍ജറി, ഫൊറന്‍സിക് മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അംഗങ്ങളായിരിക്കും.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 26ന് ആണ് ഹര്‍ഷിന സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ 2 വകുപ്പു മേധാവികള്‍ എന്നിവരെ പ്രതിചേര്‍ത്താണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നത്.
2012 നവംബര്‍ 23, 2016 മാര്‍ച്ച് 15 എന്നീ തീയതികളില്‍ താമരശേരി ഗവ. ആശുപത്രിയിലായിരുന്നു ഹര്‍ഷിനയുടെ ആദ്യ 2 പ്രസവ ശസ്ത്രക്രിയകള്‍ നടന്നത്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയാണ് 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അനസ്തീസിയ എഫക്ട് കഴിഞ്ഞപ്പോള്‍ മുതല്‍ തുടര്‍ച്ചയായി നല്ല വേദനയും രക്തസ്രാവവും ഉണ്ടായിരുന്നതായാണ് ഹര്‍ഷിനയുടെ പരാതി. ഡിസ്ചാര്‍ജ് ചെയ്തു കഴിഞ്ഞപ്പോള്‍ വേദന കൂടിയതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
2022 സെപ്റ്റംബര്‍ 13ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് ഗര്‍ഭപാത്രത്തിനു പുറത്തു വയറില്‍ വലതു ഭാഗത്ത് മെറ്റല്‍ ഒബ്ജക്ട് ഉണ്ടെന്നു മനസ്സിലായത്. 2022 സെപ്റ്റംബരല്‍ 17ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് 6.1 സെന്റീമീറ്റര്‍ നീളവും 5.5 സെന്റീമീറ്റര്‍ വീതിയുമുള്ള ആര്‍ട്ടറി ഫോര്‍സെപ്‌സ് ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് പുറത്തെടുത്തത്. ഇതിനു മുകളിലായി 12 സെന്റീമീറ്ററോളം നീളത്തില്‍ കൊഴുപ്പും നീരും മറ്റും അടിഞ്ഞു കൂടിയിരുന്നു. ആര്‍ട്ടറിഫോര്‍സെപ്‌സും അനുബന്ധ രേഖകളും പൊലീസ് കോടതിക്കു കൈമാറിയിരുന്നു. വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷമാണ് ഹര്‍ഷിന കഴിഞ്ഞത്. സംഭവത്തില്‍ നീതി തേടി സമര സഹായ സമിതി നേതൃത്വത്തില്‍ ഹര്‍ഷിന മെഡിക്കല്‍ കോളജിനു മുന്‍പില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 63 ദിവസം പിന്നിട്ടു.