തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസിനകത്ത് നേതാക്കള്‍ക്ക് അതൃപ്തി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയനെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലും രംഗത്ത് വന്നിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളും പിണറായി വിജയനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെതിരെ കടുത്ത നിലപാടും എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ എകെ ആന്റണി അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. നേതൃതലത്തില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതോടെ നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതില്ലെന്നും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നിലപാടെടുത്തത്. ഇക്കാര്യം ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത്.