തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ
കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് ചൊവാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ അങ്കണവാടി ജീവനക്കാർക്ക് അവധി ബാധകമല്ല.
വയനാട്
കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മേയ് 27 ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി പ്രഖ്യാപിച്ചു. അതേസമയം റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
കോട്ടയം
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പ്രഫഷനൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും കലക്ടർ ജോൺ വി.സാമുവൽ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
ബീച്ചിൽ പെട്ടിക്കട മറിഞ്ഞുവീണ് പതിനെട്ടുകാരി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
ആലപ്പുഴ: ബീച്ചിൽ പെട്ടിക്കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെൺകുട്ടി മരിച്ചു. തിരുമല വാർഡ് രതീഭവൻ ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകൾ നിത്യ ജോഷി (18) ആണ് മരിച്ചത്.
ആലപ്പുഴ ബീച്ചിലാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും പെട്ടിക്കട മറിയുകയായിരുന്നു. നിത്യയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദർശിന് (24) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബീച്ചിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടപ്പോൾ രക്ഷപ്പെടാനായി പെട്ടിക്കടക്കു പിന്നിൽ കയറി നിൽക്കുകയായിരുന്നു ഇരുവരും. ഈ സമയത്താണ് കട മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീണത്.









