ഫോൺ നമ്പർ മാറ്റാൻ ആഗ്രഹിക്കുന്ന പ്രീപെയ്‌ഡ് മൊബൈൽ നമ്പറുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി സുപ്രീം കോടതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ മൊബൈൽ സേവന ദാതാക്കൾക്ക് ഒരു നിശ്ചിത കാലയളവിന് ശേഷം നിർജീവമാക്കിയ നമ്പറുകൾ പുതിയ വരിക്കാർക്ക് വീണ്ടും നൽകാമെന്ന് അടുത്തിടെയുള്ള ഒരു വിധിയിൽ സുപ്രീം കോടതി പ്രസ്‌താവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഒരാള്‍ ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച നമ്പര്‍ മറ്റൊരു ഉപഭോക്താവിന് ലഭിക്കാന്‍ ഇടയുണ്ട്. വാട്ട്‌സ്ആപ്പ് ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്നതിനാൽ ഈ തീരുമാനത്തിൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രത്യാഘാതം നേരിടേണ്ടി വരും. അതിനാൽ, ഗാഡ്‌ജെറ്റ്‌സ് നൗ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ഫോൺ നമ്പർ മാറ്റുന്നതിന് മുമ്പ് അവരുടെ ഡാറ്റകൾ പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം കോടതി ഊന്നിപ്പറഞ്ഞു.
“മുമ്പത്തെ ഫോൺ നമ്പറിനൊപ്പം ബന്ധിപ്പിച്ചിട്ടുള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കുന്നതിലൂടെയും മെമ്മറി / ക്ലൗഡ് / ഡ്രൈവിൽ സംഭരിച്ചിരിക്കുന്ന വാട്ട്‌സ്ആപ്പ് ഡാറ്റ നശിപ്പിക്കുന്നതിലൂടെയും വരിക്കാരന് വാട്ട്‌സ്ആപ്പ് ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയും. സ്വകാര്യത കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് നേരത്തെയുള്ള വരിക്കാരനാണ്.” ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരിച്ചു.
പുതിയ ഉപഭോക്താക്കൾക്ക് നിർജ്ജീവമാക്കിയ മൊബൈൽ നമ്പറുകൾ നൽകുന്നത് നിർത്താൻ മൊബൈൽ സേവന ദാതാക്കളോട് നിർദ്ദേശിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ രാജേശ്വരി സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. മുൻ വരിക്കാർക്ക് അവരുടെ സ്വകാര്യത സംരക്ഷിക്കാൻ സമയം അനുവദിച്ചുകൊണ്ട് നമ്പറുകൾ ഉടനടി മറ്റൊരാൾക്ക് അനുവദിക്കാത്ത രീതിയെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ നയം പിന്തുണയ്ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.