‘തെറ്റ് പറ്റി, സ്വന്തം കുട്ടികളോടൊപ്പം ജീവിക്കാനാണ് ആഗ്രഹം, ഇന്ത്യയിലേക്ക് മടങ്ങിവരണം’; പാക്കിസ്ഥാനിൽ കാണാതായ ഇന്ത്യൻ വനിതയുടെ സന്ദേശം
ഷെയ്ഖ്പുര: പാക്കിസ്ഥാനിൽ കഴിയുന്ന ഇന്ത്യൻ വനിതയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
കഴിഞ്ഞ വർഷം നവംബറിൽ സിഖ് തീർഥാടക സംഘത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലേക്ക് പോയ സരബ്ജീത് കൗറിന്റേതാണെന്നാണ് ക്ലിപ്പിൽ കേൾക്കുന്ന ശബ്ദം എന്ന് കരുതുന്നത്.
തീർഥാടനത്തിനിടെ സരബ്ജീത് കൗറിനെ പാക്കിസ്ഥാനിൽ വെച്ച് കാണാതായതിനു പിന്നാലെ, അവർ മതം മാറി ഒരു പാക് പൗരനെ വിവാഹം കഴിച്ച് അവിടെ താമസം ആരംഭിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്.
ഇന്ത്യയിലുള്ള ഭർത്താവുമായി സരബ്ജീത് കൗർ സംസാരിക്കുന്നതായി പറയുന്ന ഈ ഓഡിയോ ക്ലിപ്പിൽ, പാക്കിസ്ഥാനിലെ ജീവിതത്തിൽ താൻ അതീവ ദുഃഖിതയാണെന്ന് അവൾ പറയുന്നു.
അവിടത്തെ സാഹചര്യങ്ങൾ തനിക്ക് ഒട്ടും അനുയോജ്യമല്ലെന്നും, ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആഗ്രഹമുണ്ടെന്നും സരബ്ജീത് പറയുന്നു.
തനിക്ക് തെറ്റ് പറ്റിയെന്നും, ഇവിടെ സന്തോഷമില്ലെന്നും, സ്വന്തം കുട്ടികളോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും അവൾ വ്യക്തമാക്കുന്നു.
ധരിക്കാൻ നല്ല വസ്ത്രങ്ങൾ പോലും ലഭിക്കുന്നില്ലെന്നും, നിരന്തരമായി ഉപദ്രവിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ക്ലിപ്പിൽ പറയുന്നുണ്ട്.
ഇത് കേൾക്കുന്ന ഭർത്താവ് സരബ്ജീത്തിനെ ആശ്വസിപ്പിക്കുകയും, ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി നങ്കാന സാഹിബ് ഗുരുദ്വാരയിലെ അധികൃതരുടെ സഹായം തേടാൻ നിർദേശിക്കുകയും ചെയ്യുന്നു.
തിരോധാനവും വിവാഹവും
ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് ഗുരുപുരാബ് ആഘോഷങ്ങളുടെ ഭാഗമായി നങ്കാന സാഹിബ് ഉൾപ്പെടെയുള്ള ഗുരുദ്വാരങ്ങൾ സന്ദർശിക്കാൻ പോയ സിഖ് തീർഥാടക സംഘത്തിനൊപ്പമാണ് 2023 നവംബർ 4ന് സരബ്ജീത് കൗർ പാക്കിസ്ഥാനിലെത്തിയത്.
നവംബർ 13ന് മറ്റ് തീർഥാടകർ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും സരബ്ജീത് കൗറിനെ സംഘത്തിൽ നിന്ന് കാണാതാവുകയായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ, സരബ്ജീത് ഇസ്‌ലാം മതം സ്വീകരിച്ച് ‘നൂർ ഹുസൈൻ’ എന്ന പേര് സ്വീകരിച്ചെന്നും, ലാഹോറിന് സമീപമുള്ള ഷെയ്ഖ്പുര ജില്ലയിൽ താമസിക്കുന്ന പാക് പൗരനായ നാസിർ ഹുസൈനെ വിവാഹം കഴിച്ചുവെന്നുമുള്ള വിഡിയോകളും റിപ്പോർട്ടുകളും പാക്കിസ്ഥാനിൽ നിന്നു പുറത്തുവന്നു.
നാടുകടത്തൽ അനിശ്ചിതത്വത്തിൽ
ഈ മാസം ആറാം തീയതി സരബ്ജീത് കൗറിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ പാക്കിസ്ഥാൻ അധികൃതർ ആരംഭിച്ചിരുന്നു.
എന്നാൽ അവസാന നിമിഷം യാതൊരു ഔദ്യോഗിക വിശദീകരണവും നൽകാതെ നാടുകടത്തൽ റദ്ദാക്കി. രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണമെന്നായിരുന്നു പാക് മാധ്യമങ്ങളുടെ വിശദീകരണം.
തീർഥാടന വീസയുടെ കാലാവധി കഴിഞ്ഞതിനാൽ സരബ്ജീത് പാക്കിസ്ഥാനിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ, സംഭവത്തിൽ പാക്കിസ്ഥാൻ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
English Summary
An audio clip believed to be of Sarabjit Kaur, an Indian woman currently in Pakistan, has gone viral on social media. Sarabjit had gone to Pakistan in November 2023 as part of a Sikh pilgrimage and later went missing.
sarabjit-kaur-audio-clip-pakistan-return-india
Sarabjit Kaur, Pakistan, India Pakistan, Sikh Pilgrimage, Audio Clip, Conversion Controversy, Wagah Border, International News









