ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രവേശനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറൽ. അടുത്തിടെ സൂപ്പര്‍ ഹിറ്റ് ആയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായ’മെന്ന് തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സഞ്ജു തന്റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തിന്റെ സന്തോഷം പ്രകടിപ്പിച്ചത്.
വിയര്‍പ്പു തുന്നിയിട്ട കുപ്പായം…
അതില്‍ നിറങ്ങള്‍മങ്ങുകയില്ല കട്ടായം
കിനാവു കൊണ്ടുകെട്ടും കൊട്ടാരം
അതില്‍ മന്ത്രി നമ്മള്‍ തന്നെ രാജാവും
ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക്
ഉച്ചികിറുക്കില്‍ നീ ഉയരത്തില്‍ പറക്ക്
ചേറില്‍ പൂത്താലും താമര കണക്ക്
ചോറ് പോരെ മണ്ണില്‍ ജീവിക്കാന്‍ നമ്മക്ക്…
ഈ സൂപ്പര്‍ ഹിറ്റ് ഗാനശകലമാണ് സഞ്ജു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. സഞ്ജുവിന് വേണ്ടി എഴുതിയ വരികള്‍ പോലെയുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം ആരാധകര്‍ കമന്‍റായി കുറിക്കുന്നത്.
ഇന്ന് വൈകിട്ടാണ് ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഋഷഭ് പണത്തിനൊപ്പം വിക്കറ്റ് കീപ്പർ കം ബാറ്റർ ആയാണ് സഞ്ജു ടീമിൽ ഇടം നേടിയത്. ഐപിഎല്ലില്‍ നായകനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പ് ടീമിലെത്തിച്ചത്.