ഹൈദരാബാദ്: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥനയുമായി നടി സാമന്ത. സർക്കാരിന് സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നടി ആവശ്യപ്പെട്ടു. നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം നടത്തിയത്.(Samantha Ruth Prabhu urges Telangana government to publish subcommittee report)
‘തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തിനായി പാത തെളിയിച്ച കേരളത്തിലെ ഡബ്ള്യുസിസിയുടെ അശ്രാന്ത പരിശ്രമത്തിന് കയ്യടി. ഡബ്ള്യുസിസിയെ മാതൃകയാക്കി ദി വോയ്‌സ് ഒഫ് വിമൺ എന്ന പേരിൽ തെലുങ്ക് സിനിമയിലെ സ്ത്രീകൾക്കായുള്ള സംഘടന 2019ൽ രൂപീകരിച്ചിരുന്നു.
തെലുങ്ക് ഫിലിം ഇൻഡസ്‌ട്രിയിലെ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിന് സർക്കാരിന്റെയും വ്യവസായത്തിന്റെയും നയങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്ന, സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ഞങ്ങൾ ഇതിനാൽ അഭ്യർത്ഥിക്കുന്നു’- സാമന്ത കുറിച്ചു. ഹേമ കമ്മിറ്റിയെ മാതൃകയാക്കി തെലങ്കാന സർക്കാരും കമ്മിറ്റി രൂപീകരിക്കണമെന്ന് താരം നേരത്തെയും പ്രതികരിച്ചിരുന്നു.