തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് ഇനി ആഴ്ച്ചയിൽ അഞ്ചു ദിവസം കപ്പൽ സർവീസ് ഉണ്ടായിരിക്കും. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്ക് ആഴ്ച്ചയിൽ അഞ്ചു ദിവസം കപ്പൽ സർവീസ് നടത്താൻ തീരുമാനമായി. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും കപ്പൽ സർവീസ് ഉണ്ടായിരിക്കുന്നത്. ഇൻഡ്ശ്രീ ഫെറിയാണ് സർവീസ് നടത്തുന്നത്.
ഈ വർഷം ഓഗസ്റ്റ് 16-നാണ് കപ്പൽസർവീസ് പുനരാരംഭിച്ചത്. മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷമായിരുന്നു ഇത്. തുടക്കത്തിൽ യാത്രക്കാർ കുറവായതുകാരണം സർവീസ് ആഴ്ചയിൽ മൂന്നുദിവസമാക്കി കുറച്ചിരുന്നു. സെപ്റ്റംബർ 21 മുതൽ നാലുദിവസമാക്കി.യാത്രക്കാരുടെ എണ്ണം വീണ്ടും ഉയർന്ന സാഹചര്യത്തിൽ അഞ്ചുദിവസമാക്കി.
രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പൽ ഉച്ചയ്ക്ക് 12-ന് കാങ്കേശൻതുറയിലെത്തും. അതേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കാങ്കേശൻതുറയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് നാഗപട്ടണത്ത് തിരിച്ചെത്തുകയും ചെയ്യും. സർവീസ് നടത്തുന്ന ഇൻഡ്ശ്രീ ഫെറി സർവീസിന്റെ വെബ്സൈറ്റ് (https://sailindsri.com) വഴി ടിക്കറ്റ് ബുക്കുചെയ്യാം. നാഗപട്ടണത്തുനിന്ന് കാങ്കേശൻതുറയിലേക്ക് സാധാരണക്ലാസിൽ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരിച്ചുള്ള നിരക്ക് 4613 രൂപ.
English summary : Sailing from Tamil Nadu to Sri Lanka ; five days a week from now on