കടലോളം കൊള്ള; താഴികക്കുടങ്ങൾ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയി
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിൽ പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ചിരുന്ന താഴികക്കുടങ്ങൾ അറ്റകുറ്റപ്പണിയെന്ന പേരിൽ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയതായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) വിവരം ലഭിച്ചു.
ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങൾ, കന്നിമൂലഗണപതി–നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടങ്ങൾ,
ശ്രീകോവിലിന്റെ വാതിൽ, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ മല്യയുടെ സ്വർണം പാളികളാക്കി പൊതിഞ്ഞിരുന്നതായി കണ്ടെത്തി.
ശ്രീകോവിലിന്റെ മേൽക്കൂരയിലും ഇരുവശങ്ങളിലെ ഭിത്തികളിലും അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വർണപ്പാളികളും പൊതിഞ്ഞിരുന്നു.
ശൈവ–വൈഷ്ണവ രൂപങ്ങൾ അടങ്ങിയ അമൂല്യ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വർണവും കടത്തിയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ശ്രീകോവിലിൽ ഇതിലും കൂടുതൽ കൊള്ള നടന്നിട്ടുണ്ടോയെന്ന് എസ്.ഐ.ടി വിശദമായി പരിശോധിക്കും.
1998ൽ വ്യവസായി വിജയ് മല്യ സ്വർണം പൊതിയുന്നതിന് മുൻപുതന്നെ പ്രഭാവലയമടങ്ങിയ ചില പാളികൾ തങ്കം പൊതിഞ്ഞവയായിരുന്നു.
നൂറുകിലോയോളം തൂക്കമുള്ള പാളികളിലാണു ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലം.
ഇതിലെ സ്വർണത്തിന്റെ കൃത്യ അളവിനുള്ള രേഖയായ തിരുവാഭരണം രജിസ്റ്റർ നശിപ്പിക്കപ്പെട്ടതായും പറയുന്നു.
വിജയ് മല്യ പതിപ്പിച്ച 30.3 കിലോ സ്വർണപ്പാളികളിൽ ഇപ്പോൾ എത്ര ബാക്കിയുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട്.
ശ്രീകോവിൽ വാതിലിലെ കട്ടിളയിൽ ഘടിപ്പിച്ച ദശാവതാര പാളികൾ, രാശിചിഹ്ന പാളികൾ, മുകൾപ്പടിയിലെ പാളി, പ്രഭാമണ്ഡലത്തിലെ ഏഴ് പാളികൾ എന്നിവ 2019ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ചതായാണ് വിവരം.
ദ്വാരപാലക ശില്പങ്ങൾ ഇളക്കുന്നതിന് മുമ്പും പലതവണ മിനുക്കൽ നടത്തിയിരുന്നു.
ശ്രീകോവിലിലെ പഴയ ചെമ്പുതകിടുകളും മേൽക്കൂരയിലെ പലകകളും നീക്കിയശേഷം പുതിയ തേക്കുപലകയും അതിനുമുകളിൽ ചെമ്പുപാളിയും ഉറപ്പിച്ചാണ് സ്വർണം പൊതിഞ്ഞത്.
മെർക്കുറി ഉപയോഗിച്ച് അതിസൂക്ഷ്മമായി ചെമ്പുപാളികളിൽ സ്വർണം ഒട്ടിച്ചിരുന്നതായും എസ്.ഐ.ടി വ്യക്തമാക്കുന്നു.
English Summary:
The SIT has received information that sacred finials and gold-plated elements from the Sabarimala Sreekovil were removed under the pretext of maintenance and taken to Pampa. Gold plating on finials, door panels, guardian sculptures, and decorative panels—including the prabhamandalam—may have been stripped. With missing records and prior polishing and dismantling activities, investigators suspect a larger gold theft than initially estimated and are examining whether chemical processes were used to separate gold in Chennai.
sabarimala-sreekovil-gold-theft-sit-probe-finfials-prabhamandalam
Sabarimala, Sreekovil, Gold Theft, SIT Probe, Prabhamandalam, Finials, Temple









