തൃക്കളത്തൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ചു; ഒരാളുടെ നില അതീവ ഗുരുതരം
എറണാകുളം ∙ മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകർ യാത്രചെയ്ത ബസും മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക് കിട്ടി.
തൃക്കളത്തൂരിലാണ് അർധരാത്രിയോടെ അപകടമുണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയിലാണ് തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ തീർത്ഥാടകരുടെ നില ആശങ്കാജനകമല്ല. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. എം സി റോഡിൽ മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിലാണ് അപകടമുണ്ടായത്.
ഓടിക്കൊണ്ടിരുന്ന ബസ് പെട്ടെന്ന് നിർത്തിയതിനു പിന്നാലെ ലോറി ബസിനു പുറകിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡിനു വശത്ത് നിർത്തിയിട്ടിരുന്ന കാറിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് നിന്നത്.
മൂവാറ്റുപുഴ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.ക്രെയിനിൻ്റെ സഹായത്തോടെ ലോറി നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു
ഇന്നലെ പത്തനംതിട്ടയിലെ എരുമേലി കണമലയിൽ തീർത്ഥാടകരെ കൊണ്ടുപോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന 33 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്തും ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹനം നിയന്ത്രണം വിട്ട് കഴക്കൂട്ടം പള്ളിപ്പുറത്ത് മറിഞ്ഞു.
ദേശീയപാതയിലെ നിർമാണപ്രദേശത്ത് വാഹനം തെന്നിമാറിയതാണ് കാരണം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary
Four people were injured in a collision between a bus carrying Sabarimala pilgrims and a mini-lorry near Thrikkalathoor in Muvattupuzha, Ernakulam. The bus was traveling from Andhra Pradesh to Sabarimala. The lorry driver, who was seriously injured, was shifted to Rajagiri Hospital. The pilgrims sustained minor injuries.
Yesterday, a bus carrying 33 pilgrims from Karnataka overturned at Kanamala in Erumeli after losing control due to brake failure. No major injuries were reported.
In Thiruvananthapuram, another group of pilgrims returning after darshan met with an accident at Kazhakkoottam when their vehicle skidded in a construction zone and overturned. The injured were taken to the hospital.









