ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ മീനല്ല
ശബരിമല സ്വർണപ്പാളി വിവാദം പുറത്തുവന്നതോടെ ശ്രദ്ധനേടിയ വ്യക്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. എട്ടുവർഷം മുമ്പ് കീഴ്ശാന്തിയുടെ സഹായിയായി ശബരിമല കയറിയെത്തിയ ഇയാൾ, പിന്നീട് വിലയേറിയ സമർപ്പണങ്ങൾ നടത്തുന്ന സ്പോൺസറായി മാറി.
എന്നാൽ ഇതിന് പിന്നിൽ ഉണ്ട് ശബരിമലയുടെ പേരിൽ നടത്തിയ പണപ്പിരിവ്. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമാണ് ഇയാൾ ഈ പിരിവ് നടത്തിയത്.
ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം, ശബരിമല ശ്രീകോവിലിലെ ഭാഗങ്ങൾ ദേവസ്വം വകയായി ലഭിച്ചതിനുശേഷം, ഉണ്ണികൃഷ്ണൻ പോറ്റി ഇവയെ “ശ്രീകോവിലിന്റെ വാതിൽ” എന്ന പേരിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രദർശിപ്പിച്ചു.
സമ്പന്നരുടെ വീടുകളിൽ എത്തിച്ച് പൂജ നടത്തി, “ഐശ്വര്യം ലഭിക്കും” എന്ന വാഗ്ദാനത്തിലൂടെ പണം പിരിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിലൂടെ കോടികളുടെ പണപ്പിരിവ് നടത്തിയെന്നതാണ് അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
ഇതേ സമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ രാഷ്ട്രീയ-ഉന്നത ബന്ധങ്ങൾക്കുറിച്ചും പുതിയ വിവരങ്ങൾ പുറത്തുവരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, അടൂർ പ്രകാശ്, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡിജിപി റവാഡ ചന്ദ്രശേഖർ തുടങ്ങിയവരോടൊപ്പം എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഈ ബന്ധങ്ങൾ ഉപയോഗിച്ച് കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയിടങ്ങളിൽ പണപ്പിരിവ് നടത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ പോലും “ശബരിമല ശ്രീകോവിലിന്റെ വാതിൽ” എന്ന പേരിൽ സ്വർണപ്പാളി എത്തിച്ച് പൂജ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതിനുപുറമെ, കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഇയാൾ പങ്കെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
മൂന്നു വർഷത്തിനിടെ ഏകദേശം 30 കോടിയിലധികം രൂപയുടെ ഭൂമിക്കച്ചവടം നടത്തി എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബ്ലേഡ് പലിശയ്ക്കായി പണം നൽകി പിന്നീട് ഭൂമി ഏറ്റെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
2020 മുതൽ 2025 വരെ ഇടയിൽ തന്നെ ഈ ഇടപാടുകൾ നടന്നതായി വിലയിരുത്തപ്പെടുന്നു.
തലസ്ഥാനത്തും ബെംഗളൂരുവിലും നിരവധി ഭൂമി ഇടപാടുകൾ നടന്നു. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും നിരവധി സ്ഥലങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രേഖകളിൽ പറയുന്നു.
ഇയാൾ ഉന്നതരുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായി പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ച് ചിത്രങ്ങൾ എടുക്കുന്ന രീതിയിലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ കാർപോർച്ചിൽ വെച്ചാണ് എടുത്തത്. ആംബുലൻസ് കൈമാറുന്ന ചടങ്ങിലായിരുന്നു ആ സന്ദർഭം.
ഡിജിപി റവാഡ ചന്ദ്രശേഖർ, എഡിജിപി എസ്. ശ്രീജിത്ത് എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നൽകുന്ന ചിത്രവും ഉൾപ്പെടുന്നു.
ചെന്നൈയിൽ ശബരിമല നടയും കട്ടിളപ്പടിയും എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ച് നടൻ ജയറാം ഉൾപ്പെടെ നിരവധി പ്രമുഖരെ ക്ഷണിച്ചിരുന്നു. ജയറാം ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചെന്നൈയിലും ബെംഗളൂരുവിലും ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചെന്നതാണ് വിജിലൻസ് കണ്ടെത്തൽ.
ദേവസ്വം വിഭാഗം സ്പോൺസർഷിപ്പിന്റെ പേരിൽ കൈമാറിയ പണത്തിന്റെ ദുരുപയോഗം, സ്വർണപാളി പ്രദർശനം, പണപ്പിരിവ്, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയൊക്കെ ചേർന്ന് ശബരിമല സ്വർണപ്പാളി വിവാദം കേരളത്തിൽ വലിയ ചര്‍ച്ചയാകുകയാണ്.









