രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിൽ
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. 25 പൈസ ഇടിഞ്ഞ് 88.53 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 88.45 ആയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതും എച്ച്-1ബി വീസയ്ക്ക് ഫീസ് കുത്തനെ കൂട്ടിയതുമാണ് രൂപയുടെ ഇടിവിന് പ്രധാന കാരണം.
പുതിയ തീരുമാനങ്ങൾ ഇന്ത്യയുടെ വിദേശനാണയ വരുമാനത്തെയും ഐടി മേഖലകളെയും കനത്ത തിരിച്ചടിയിലാക്കി.
ഗുരുതര ഭീഷണി ….! 25 വർഷത്തിനകം സമുദ്ര മലിനീകരണം ഇരട്ടിയാകുമെന്നു മുന്നറിയിപ്പ്
എച്ച്-1ബി വീസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർന്നത് ഇന്ത്യൻ പ്രൊഫഷണലുകൾക്കും അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾക്കും വലിയ നഷ്ടമാകും.
ഫീസ് വർധനയെ തുടർന്ന് ഐടി കമ്പനികളുടെ ഓഹരികളിൽ വിറ്റൊഴിയൽ സമ്മർദം കൂടുകയും, ഓഹരി വിപണിയും മറ്റു ഏഷ്യൻ കറൻസികളും തളരുകയും ചെയ്തു.
ഇറക്കുമതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടി
രൂപയുടെ ഇടിവ് കയറ്റുമതി മേഖലയ്ക്ക് നേട്ടമാകേണ്ട സാഹചര്യമുണ്ടെങ്കിലും, അമേരിക്ക 50% തീരുവ ചുമത്തിയതിനാൽ കയറ്റുമതിക്ക് വലിയ തിരിച്ചടിയാണ്. ഇറക്കുമതി മേഖലയിലാണ് ഏറ്റവും കൂടുതൽ ആഘാതം അനുഭവപ്പെടുന്നത്.
ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയ്ക്കെല്ലാം അധിക വില നൽകേണ്ടിവരും. ഇതിനകം തന്നെ സ്വർണവില റെക്കോർഡ് തലത്തിലെത്തി.
ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വില കൂടുന്നതോടെ രാജ്യത്തെ അവശ്യവസ്തുക്കളുടെ വില വർധിക്കുകയും പണപ്പെരുപ്പം കുത്തനെ ഉയരുകയും ചെയ്യും.
ഇതിലൂടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയും വ്യാപാരക്കമ്മിയും കൂടി സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കും.
പ്രവാസികൾക്ക് നേട്ടം
വിദേശത്ത് പഠിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും രൂപയുടെ ഇടിവ് തിരിച്ചടിയാണ്. പഠനച്ചെലവും യാത്രാച്ചെലവും വർധിക്കുന്നതിനാൽ അധികം പണം ചെലവഴിക്കേണ്ടിവരും.
എന്നാൽ പ്രവാസികൾക്കിത് നേട്ടമാണ്. നാട്ടിലേക്ക് കൂടുതൽ രൂപ അയയ്ക്കാൻ കഴിയുന്ന സാഹചര്യമാണിത്.
കഴിഞ്ഞ മാസം ഒരു ഡോളർ അയച്ചാൽ 87 രൂപ ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ 88.50 രൂപയിലധികമാണ് ലഭിക്കുന്നത്.
ജിസിസി കറൻസികളും ഉയർച്ചയിൽ
ഡോളറിനെ അടിസ്ഥാനമാക്കിയുള്ള ജിസിസി രാജ്യങ്ങളിലെ കറൻസികളും (യുഎഇ ദിർഹം, സൗദി റിയാൽ, ഖത്തർ റിയാൽ) രൂപയ്ക്കെതിരെ ഉയർന്നു. യുഎഇ ദിർഹത്തിന് രൂപയുടെ മൂല്യം 24 കടന്നു.
ചില ഫോറക്സ് സ്ഥാപനങ്ങൾ 24.5 രൂപവരെ നൽകുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങളനുസരിച്ച് ഗൾഫ് കറൻസികളുടെ മൂല്യവും മാറുമെന്ന് വിദഗ്ധർ പറയുന്നു.
രൂപയുടെ ഇടിവ് ഇന്ത്യയിലെ സാമ്പത്തിക അവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകുമ്പോഴും പ്രവാസികൾക്കിത് അധിക വരുമാനത്തിനുള്ള അവസരമായി മാറുന്നു.









