‘എന്താണ് സംഭവിക്കുക എന്നറിയാൻ ആകാംക്ഷ’; റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വെച്ച വിദ്യാർത്ഥികൾ പിടിയിൽ
കണ്ണൂർ: റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വച്ച സ്കൂൾ വിദ്യാർത്ഥിളെ പിടികൂടി ആർ.പി.എഫ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേരെയാണ് പിടികൂടിയത്.
സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർത്ഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ പന്നേൻപാറക്കടുത്തായി ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിൽ കരിങ്കൽ ചീളുകൾ സ്ഥാപിക്കുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ട്രെയിൻ ഇതിന് മുകളിലൂടെ കടന്നുപോവുകയും ചെയ്തിരുന്നു. തുടർന്ന് ലോക്കോ പൈലറ്റ് ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ ആർ.പി.എഫ് സംഭവ സ്ഥലത്തെത്തിയപ്പോൾ പാളത്തിന്റെ പരിസരത്തായി വിദ്യാർഥികൾ നിന്നിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥികൾ കുറ്റസമ്മതം നടത്തി.
ട്രാക്കിൽ കല്ലുകൾ വച്ച് മാറി നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംഷയെത്തുടർന്ന് ചെയ്തതാണെന്നുമാണ് വിദ്യാർത്ഥികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
തുടർന്ന് സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകായും ചെയ്തു.
കഴിഞ്ഞ ജൂലായ് 12നും സമാന രീതിയിൽ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിൽ റെയിൽപാളത്തിൽ കല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
Summary: RPF caught five higher secondary students for placing stones on a railway track. A case was registered, and the students were later released after their parents were called in. Authorities warn of the dangers such acts pose to train safety.









