റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. മോചനവുമായി ബന്ധപ്പെട്ട് അന്തിമ വിധി കാത്തു കഴിയുകയാണ് റഹീം. എന്നാൽ രാവിലെ പരിഗണിച്ചപ്പോൾ തന്നെ കേസ് മാറ്റിവെക്കുകയായിരുന്നു.
ഇത് പതിനൊന്നാം തവണയാണ് കേസ് റിയാദ് കോടതി മാറ്റി വെക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിനും വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകാനുമാണ് കഴിഞ്ഞ തവണകളിൽ കേസുകൾ മാറ്റിവെച്ചതെന്നാണ് റഹീം നിയമസഹായ സമിതി പറയുന്നത്.
2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.
കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് അബ്ദുറഹീം.