ഡബ്ലിൻ : രാജ്യതലസ്ഥാനമായ ഡബ്ലിനിൽ വ്യാഴാഴ്ച്ച കത്തി ഉപയോഗിച്ച് ഒരാൾ നടത്തിയ ആക്രമണത്തിൽ സ്വദേശികളായ മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അയർലൻഡിൽ കുടിയേറി പാർക്കുന്ന ഒരാളാണ് ആക്രമണകാരിയെന്ന് ചൂണ്ടികാട്ടി ആരംഭിച്ച തർക്കമാണ് വലിയ കലാപത്തിലേയ്ക്ക് കടന്നിരിക്കുന്നത്. വ്യാഴാഴ്ച്ച രാത്രിയോടെ ആരംഭിച്ച ആക്രമണത്തിൽ കലാപകാരികൾ നിരവധി ബസുകൾക്കും പോലീസ് വാഹനങ്ങൾക്കും തീയിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ രാജ്യവ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോകളിൽ ഒരാൾ പോലീസ് കാറിനുള്ളിൽ തീ കത്തുന്ന പെട്ടി വലിച്ചെറിഞ്ഞ് വാതിൽ അടയ്ക്കുന്നത് കാണാം. ആർത്തലയ്ക്കുന്ന ഒരു സംഘത്തെ സാക്ഷി നിറുത്തിയാണ് ആക്രമണം.അയർലഡ് സർക്കാരിന്റെ തെറ്റായ കുടിയേറ്റ നയമാണ് ആക്രമണത്തിന് കാരണമെന്ന കലാപകാരികൾ ചൂണ്ടികാട്ടുന്നു. സ്വദേശികൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പ്രധാനപ്പെട്ട തസ്തികൾ വിദേശികൾ തരപെടുത്തിയെന്നും അവർ കുറ്റപ്പെടുത്തുന്നു. സെൻട്രൽ ഡബ്ലിനിലെ തെരുവുകളിൽ അക്രമാസക്തമായ പ്രതിഷേധം നിയന്ത്രിക്കാൻ വെള്ളിയാഴ്ച്ച പകലും കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.
തീവ്ര വലതുപക്ഷ വിഭാഗമാണ് ഗുണ്ടാ ആക്രമണത്തിന് പിന്നിലെന്ന് അയർലൻഡ് പോലീസ് കമ്മീഷണർ ഡ്രൂ ഹാരിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിലെ പ്രശസ്തമായ ഒ’കോണെൽ സ്ട്രീറ്റിൽ കലാപകാരികൾ കടകൾ കൊള്ളയടിച്ചതായി അയർലഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തെരുവിൽ ഒരു ഡബിൾ ഡെക്കർ ബസ് കത്തിക്കുകയും സമീപത്തുള്ള ഹോളിഡേ ഇൻ ഹോട്ടലും മക്‌ഡൊണാൾഡ്‌സ് റെസ്റ്റോറന്റും തകർക്കുകയും ചെയ്തു. ആക്രമണം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിലെ പൊതുഗതാഗതം റദാക്കി. അത്യാവശ്യത്തിന് അല്ലാതെ ആശുപത്രികളിൽ പോലും പോകരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. പക്ഷെ ഇത് വരെ ഇന്ത്യൻ എംബസിയടക്കമുള്ള ഒരൊറ്റ എംബസിയും പൗരൻമാർക്കും മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. കലാപം വേഗം കെട്ടടങ്ങുമെന്നതിനാലാണ് എംബസികൾ പൗരൻമാരെ പരിഭ്രാന്തരാക്കുന്ന സന്ദേശങ്ങളൊന്നും കൈമാറാത്തത്.സാധ്യമായ എല്ലാ ശക്തിയും ഉപയോഗിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്ന് അയർലൻഡ് നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്റ്റീ അറിയിച്ചു.
കുടിയേറ്റ വിരുദ്ധ വികാരം
55 ലക്ഷത്തിനടുത്താണ് അയർലഡിലെ ജനസഖ്യ. അടിസ്ഥാന സൗകര്യ വികസനവും, ഉയർന്ന പ്രതിശീർഷ വരുമാനവും കുടിയേറ്റക്കാരുടെ സ്വപ്‍നഭൂമിയായി അയർലഡിനെ മാറ്റിയിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റത്തോട് ഏറ്റവും അനുകൂലമായ സമീപനം സ്വീകരിക്കുന്ന രാജ്യമാണ് അയർലഡ്. 2022 ഏപ്രിൽ മുതൽ 2023 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം അയർലഡിലേയ്ക്കുള്ള കുടിയേറ്റം മുൻ റെക്കോർഡുകൾ തകർത്തുവെന്ന് സർക്കാർ സമ്മതിക്കുന്നു.
റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ അഭയാർത്ഥികളായ യുക്രെയിൻ നിവാസികളിൽ ഭൂരിപക്ഷത്തേയും സ്വീകരിച്ചതോടെയാണ് കുടിയേറ്റക്കാരുടെ ഏണ്ണം വലിയ തോതിൽ വർദ്ധിച്ചത്. രാജ്യത്തെ ആശുപത്രികളിലെ നേഴ്സിങ്ങ് വിഭാഗത്തിൽ വലിയ തോതിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. നിലവിലെ കലാപം കുടിയേറ്റക്കാരെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്. ചെറിയ ജനസഖ്യ മാത്രമുണ്ടായിട്ടും സ്വദേശികൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന വികാരം വലത്പക്ഷ പാർട്ടികൾ പ്രചരിപ്പിക്കുന്നുണ്ട്. കൂടാതെ ഒരു മതവിഭാഗത്തോടുള്ള യൂറ്യപ്യൻ താൽപര്യമില്ലായ്മായും ഐറിഷ് വംശജരെ സ്വാധീനിച്ചിട്ടുണ്ട്. ഡബ്ലിനിൽ കത്തി ഉപയോഗിച്ചുള്ള ആക്രമണം തീവ്രവാദ ആക്രമണമാണെന്ന രീതിയിൽ പ്രചരിച്ചത് കലാപം വ്യാപിക്കാൻ കാരണമായി.