ആലപ്പുഴ: വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ചിനു 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ വിഭാഗം ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പാതിരപ്പള്ളി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്് അനീസിനെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് പാതിരപ്പള്ളി സെന്റ് ആന്റണീസ് പള്ളിക്ക് മുന്നിൽ വച്ച് പണം വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പാതിരപ്പള്ളി വില്ലേജ് പരിധിയിൽപെട്ട മൂന്ന് സെന്റ് വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ച് ലഭിക്കാൻ കാട്ടൂർ സ്വദേശിയായ പരാതിക്കാരൻ കഴിഞ്ഞമാസം 27നാണ് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച സ്ഥലത്തെത്തി വസ്തു അളന്നശേഷം സ്‌കെച്ചിനു 200 രൂപ ഫീസും കൈക്കൂലിയായി 1000 രൂപയും ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലൊക്കേഷൻ സ്‌കെച്ച് തയാറാക്കിയെന്നും 200 രൂപ ഫീസിനൊപ്പം കൈക്കൂലി വേണമെന്നും ആവർത്തിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിയെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിലാണ് അനീസ് പിടിയിലായത്. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി.