തിരുവനന്തപുരം: വിരമിച്ച കെഎസ്ആർടിസി ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കാട്ടാക്കട ചെമ്പനക്കോട് ചോതി നിവാസിൽ എം സുരേഷ് (65) ആണ് മരിച്ചത്.Retired KSRTC driver hanged at home
പെൻഷൻ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് മകൻ സുജിത് കാട്ടാക്കട പോലീസിന് മൊഴിനൽകി.
ചാർജ്മാൻ ആയാണ് സുരേഷ് പെൻഷനായത്. നാലുവർഷം മുൻപ് ഒരു അപകടത്തിൽ കാലിന് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയുടെ ഭാഗമായി വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നത്. വാക്കറിന്റെ സഹായത്തോടെയായിരുന്നു നടപ്പ്. പെൻഷൻ മാത്രമായിരുന്നു വരുമാനം.
കഴിഞ്ഞ മൂന്നുമാസമായി പെൻഷൻ ലഭിച്ചിരുന്നില്ല. പെൻഷൻ മുടങ്ങിയതോടെ മരുന്നുവാങ്ങാനും നിത്യവൃത്തിക്കും മാർഗമില്ലാത്ത സ്ഥിതി ആയിരുന്നതായും ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
2018-ലും പെൻഷൻ വൈകിയപ്പോൾ സുരേഷ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായും മകൻ മൊഴിനൽകി. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: കുമാരി ലേഖ. മക്കൾ: ചോതി, സുജിത്, ശാലു. മരുമകൻ: വി.ജി.വിഷ്ണു.