വാർത്താ ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി റിപ്പോർട്ടർ രണ്ടാം സ്ഥാനത്ത്. തുടർച്ചയായി മൂന്നാം വാരവും ട്വന്റി ഫോർ ഒന്നാമത്.Reporter beats Asianet to third position in news channel rating
എല്ലാ ചാനലുകളുടെയും റേറ്റിങ് ഇടിഞ്ഞപ്പോൾ വർദ്ധനവുണ്ടായത് റിപോർട്ടറിന് മാത്രം. നാലും അഞ്ചും സ്ഥാനങ്ങളിൽ ഉറച്ച് മനോരമയും മാതൃഭൂമിയും. പൈങ്കിളി വാർത്താവതരണത്തെ പ്രോത്സാഹിപ്പിച്ച് മലയാളികൾ
കോട്ടയം: വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ട്വന്റി ഫോറിനും ഏഷ്യാനെറ്റ് ന്യൂസിനും ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് റിപോർട്ടർ ടി.വിയുടെ മുന്നേറ്റം.റേറ്റിങ്ങിലെ ഒന്നാം സ്ഥാനം നിലനിർത്താൻ ട്വന്റി ഫോറിനായെങ്കിലും വെറും 8 പോയിൻെറ് വ്യത്യാസത്തിൽ റിപോർട്ടർ രണ്ടാം സ്ഥാനത്തേക്ക് എത്തി.
റിപോർട്ടർ രണ്ടാം സ്ഥാനത്തേക്ക് കടന്നിരുന്നപ്പോൾ ഒരു ദശാബ്ദത്തിലേറെയായി വാർത്താ ചാനൽ റേറ്റിങ്ങിൽ മുൻനിര സ്ഥാനം അലങ്കരിച്ചിരുന്ന ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
ഷിരൂർ തിരച്ചിൽ മുതൽ റേറ്റിങ്ങിൽ കുതിപ്പ് നടത്തി കൊണ്ടിരിക്കുന്ന റിപോർട്ടർ ടിവി, റീലോഞ്ച് ചെയ്യപ്പെട്ട ശേഷം കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്. ശക്തമായ മത്സരം നേരിട്ടെങ്കിലും തുടർച്ചയായി മൂന്നാം ആഴ്ചയാണ് ട്വന്റിഫോർ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.
ടെലിവിഷൻ ചാനലുകളുടെ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്-BARC) പുറത്തുവിട്ട 33-ാം ആഴ്ചയിലെ റേറ്റിങ്ങ് പ്രകാരം കേരളാ ഓൾ ( യൂണിവേഴ്സ്) വിഭാഗത്തിൽ ട്വന്റി ഫോറിന് 157.26 പോയിന്റുണ്ട്.
മുൻ ആഴ്ചയിലേക്കാൾ 08.52 പോയിന്റിൻെറ കുറവാണ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോഴും ട്വന്റിഫോറിന് ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ്ന്യൂസിനെ പിന്തളളി രണ്ടാം സ്ഥാനത്തേക്ക് എത്തിയ റിപോർട്ടർ ടിവി 149.13 പോയിന്റാണ് നേടിയത്.
തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ 12.59 പോയിന്റ് അധികം നേടിയാണ് റിപോർട്ടർ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. മുൻപത്തെയാഴ്ച രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെട്ട ഏഷ്യാനെറ്റിൻെറ ആത്മവിശ്വാസം തകർക്കുന്ന മുന്നേറ്റമാണിത്.
ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പോയ ആഴ്ച ഏഷ്യാനെറ്റിന് ലഭിച്ചത് 147.57 പോയിൻെറാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻെറ പുനരധിവാസത്തിൻെറ സമഗ്ര കവറേജിൽ എല്ലാ ചാനലുകളും ശ്രദ്ധകേന്ദ്രീകരിച്ച ആഴ്ചയിൽ പരിചയ സമ്പന്നരായിട്ടും മുൻആഴ്ചയിലേക്കാൾ കുറഞ്ഞ പോയിന്റ് മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് നേടാനായത്.
7.51 പോയിന്റിൻെറ ഇടിവാണ് ഏഷ്യാനെറ്റ് ന്യൂസിന് സംഭവിച്ചത്. വാർത്താചാനൽ രംഗത്ത് മാർക്കറ്റ് ലീഡറായി വിലസിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഇത് എന്തുപറ്റിയെന്ന് ചോദിക്കേണ്ട സ്ഥിതിയാണ് സംഭവിച്ചിരിക്കുന്നത്.
പഴയ കെട്ടും മട്ടും തുടരുന്ന ഏഷ്യാനെറ്റ് ന്യൂസിൻെറ കണ്ടൻെറിലും പഴയ പ്രതാപമില്ല. എന്നിട്ടും 22 പ്ളസ് മെയിൽ വിഭാഗത്തിൽ ഒന്നാമതാണെന്ന പരസ്യം ചെയ്ത് തൃപ്തിയടയുകയാണ് ഏഷ്യാനെറ്റ് ചെയ്യുന്നത്.
ഒന്നാം സ്ഥാനത്തുളള ട്വന്റി ഫോറിനും റിപോർട്ടർ വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. എല്ലാ ചാനലുകളും താഴേക്ക് പോയപ്പോൾ പോയിന്റ് നില നന്നായി വർദ്ധിപ്പിക്കാനായത് റിപോർട്ടറിന് മാത്രമാണ്.
ഈ മുന്നേറ്റം തുടർന്നാൽ ഒന്നാം സ്ഥാനത്തിന് 8 പോയിന്റുമാത്രം പിന്നിലുളള റിപോർട്ടറിന് ആ സ്ഥാനവും അപ്രാപ്യമല്ല. റിപോർട്ടറിൻെറ കുതിച്ചുചാട്ടത്തിൽ നാലാം സ്ഥാനത്തേക്ക് പോയ മനോരമ ന്യൂസിന് വയനാട് പുനരധിവാസത്തിൻെറ വാർത്തകൾ കൈയ്യടക്കിയ ആഴ്ചയിലും കാര്യമായ നേട്ടം കൊയ്യാനായില്ല.
72.78 പോയിൻെറാണ് മനോരമയുടെ കഴിഞ്ഞയാഴ്ചയിലെ സമ്പാദ്യം. തൊട്ടുമുൻപുളള ആഴ്ചയിൽ നിന്ന് 08.15 പോയിന്റ് കുറവ്. ഏഷ്യാനെറ്റ് ന്യൂസിനെപോലെ ഒരെ റൂട്ടിലോടുന്ന ബസിൻെറ ആവർത്തന വിരസതയാണ് മനോരമയും പ്രേക്ഷകർക്ക് നൽകുന്നത്.
വാർത്തകൾ കൈകാര്യം ചെയ്യുന്നതിലെ ഗൗരവമുളള രീതി ഉപേക്ഷിച്ച് ഡിജിറ്റൽ പ്രേക്ഷകരുടെ കാഴ്ചാ അഭിരുചിക്ക് അനുസരിച്ചെന്നോണം വാർത്താ ഉളളടക്കത്തിലും അവതരണത്തിലും മാറ്റം വരുത്തിയ മാതൃഭൂമി ന്യൂസിനും വയനാട് പുനരധിവാസ വാർത്തകൾ പ്രക്ഷേപണം ചെയ്ത ആഴ്ചയിൽ നേട്ടമൊന്നുമില്ല.
അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ മാതൃഭൂമി ന്യൂസ് പോയവാരം 64.97 പോയിന്റാണ് കരസ്ഥമാക്കിയത്. തൊട്ടുമുൻപുളള ആഴ്ചയേക്കാൾ 07.64 പോയിൻെറ് കുറവ്.രാജീവ് ദേവരാജ് എക്സിക്യൂട്ടിവ് എഡിറ്ററായി എത്തിയ ശേഷം ഫുഡ്,വിനോദ ക്രൈം വാർത്തകൾക്കാണ് മാതൃഭൂമി ന്യൂസ് പ്രാമുഖ്യം നൽകുന്നത്.
നേരത്തെ ഗൗരവമുളള വാർത്തകൾക്കും മറ്റുമായി മാതൃഭൂമിന്യൂസ് കണ്ടിരുന്ന പ്രേക്ഷകർ റിപോർട്ടറിലേക്കും മറ്റുചാനലുകളിലേക്കും കൂടുമാറിയെന്നാണ് റേറ്റിങ്ങ് കണക്കുകൾ നൽകുന്ന ചിത്രം.
സംഘപരിവാർ അനുകൂല ചാനലായ ജനം ടി.വിക്ക് പോയആഴ്ചയിലെ റേറ്റിങ്ങിലും മോശം പ്രകടനമാണ്. മുപ്പത്തിരണ്ടാം ആഴ്ചയിലെ റേറ്റിങ്ങിൽ കൈരളിക്ക് 24.99 പോയിന്റാണ് ലഭിച്ചത്. എന്നാൽ കൈരളിയുടെ ആറാം സ്ഥാനത്തിന് ശക്തമായ വെല്ലുവിളി ഉയർത്തി ന്യൂസ് 18 കേരളം തൊട്ടുപിന്നിലുണ്ട്. ഏഴാം സ്ഥാനത്തേക്ക് എത്തിയ ന്യൂസ് 18 കേരളത്തിന് 24.82 പോയിന്റ് ലഭിച്ചു.
എട്ടാം സ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ട ജനം ടിവിക്ക് 23.16 പോയിന്റാണുളളത്. റിപോർട്ടർ കഴിഞ്ഞാൽ പോയ ആഴ്ചയിൽ പോയിൻെറ വർദ്ധിപ്പിക്കാൻ കഴിഞ്ഞത് ജനം ടി.വിക്ക് മാത്രമാണ്. പതിവ് പോലെ മീഡിയാവൺ ചാനലാണ് ഏറ്റവും പിന്നിൽ. മീഡിയാ വണ്ണിന് 16.53 പോയിന്റാണ് ലഭിച്ചത്.
ട്വന്റി ഫോറിൽ നിന്ന് വെല്ലുവിളി ഉയർന്നതോടെ വാർത്താവതരണത്തിൽ ചില മാറ്റങ്ങൾ വരുത്തിയ എഷ്യാനെറ്റ് ന്യൂസിന് അതുകൊണ്ടും ഫലം ഉണ്ടായിട്ടില്ല. ന്യസ് അവർ മാത്രം അവതരിപ്പിച്ചു പോന്നിരുന്ന മുൻനിര അവതാരകൻ വിനു. വി. ജോൺ രാവിലെ പത്ത് മണിക്കും വാർത്താ അവതരണം തുടങ്ങിയിട്ടും രക്ഷയില്ല എന്നതാണ് സ്ഥിതി.