ഡൽഹി: കുട്ടികൾക്ക് നൽകുന്ന പ്രമുഖ ഉത്പന്നമായ ബോണ്‍വിറ്റയടക്കമുള്ളവയെ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ കൊമേഴ്സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയ ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തിലാണ് ബോൺവിറ്റ ഹെൽത്ത് ഡ്രിങ്ക് അല്ലെന്ന് കണ്ടെത്തിയത്.
ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന ആരോഗ്യകരമായ പാനീയങ്ങള്‍ ഇല്ലെന്നും ബോണ്‍വിറ്റയില്‍ അനുവദനീയമായ അളവിലും കൂടുതൽ പഞ്ചസാര സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്തവരും ഊര്‍ജ ഉത്തേജക സപ്ലിമെന്റുകളെ ഹെല്‍ത്ത് ഡ്രിങ്കായി അവതരിപ്പിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ഭക്ഷ്യ നിയമത്തിനു കീഴില്‍ ഹെല്‍ത്ത് ഡ്രിങ്കുകളെ നിര്‍വചിച്ചിട്ടില്ലെന്നും അതിന് കീഴിലുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നത് നിയമലംഘനമാണെന്നും കമ്മിഷന്‍ അറിയിച്ചു. പാല്‍, ധാന്യം, മാള്‍ട്ട് അധിഷ്ഠിതമായ പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് എഫ്.എസ്.എസ്.എ.ഐ ഈ മാസം ആദ്യം ഇ കൊമേഴ്സ് പോര്‍ട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്.
Read Also: ആപ്പിളോ, നൂറുമേനി വിളയും കേരളത്തിൽ…..; തെളിയിച്ച് ഇടുക്കിയിലെ ഈ കർഷകൻ