നിപ രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാൾ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കൽ കോളജിൽ ഐസോലേഷനിലാക്കി. ഇതിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. സമ്പർക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് ചികിത്സയിലുള്ള നാല് പേരുടെയും നിലയിൽ പുരോഗതിയുണ്ട്. രണ്ട് പേർക്ക് ഇപ്പോൾ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം കോഴിക്കോട് നഗരത്തിലുൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോർപ്പറേഷനിലെ 7 വാർഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവൻ വാര്ഡുകളും കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു. കണ്ടൈൻമെൻറ് സോണിലുൾപ്പെട്ടതിനാൽ ബേപ്പൂർ ഫിഷിംഗ് ഹാർബർ അടച്ചു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
Read Also: വ്യാജ അക്കൗണ്ട് തടയാന്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ; പുതിയ മാർഗവുമായി എക്സ്