ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. 20 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷിക്കാനായത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വിജയപുരയിലെ ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇന്നലെ വൈകിട്ടാണ് കളിച്ചുകൊണ്ടിരിക്കെ ഒന്നരവയസ്സുകാരനായ സാത്വിക് കുഴൽ കിണറിൽ വീണത്.
കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി ട്രഞ്ച് കുഴിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വീടിന് സമീപം കളിക്കാൻ പോയ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കരുതുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടവർ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി നിർമ്മിച്ചാണ് അധികൃതർ കുട്ടിയെ പുറത്തെടുത്തത്. ഇന്ന് രാവിലെ കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിക്കാതിരുന്നതോടെ വലിയ ആശങ്കയുണ്ടായിരുന്നു. ഇന്നലെ രാത്രി മുതൽ കുഞ്ഞിന് നിരന്തരം ഓക്സിജൻ നൽകാൻ സജ്ജീകരണം ഒരുക്കിയിരുന്നു. ഇൻഡി പൊലീസ് സൂപ്രണ്ടിന്‍റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Also: ലോക് സഭതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് സ്ഥാനാർഥികളും ഡമ്മികളും