കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്‌ടമായവരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കാനുളള നീക്കം ഹൈക്കോടതി തടഞ്ഞു. സർക്കാർ നിശ്ചയിച്ച പ്രകാരം നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാർ നീക്കത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി.(Rehabilitation of Wayanad victims; High Court stopped the move to acquire land for the township)
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കല്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനായിരുന്നു നീക്കം. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളവും, എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദേശം. കേസ് നടപടികളിൽ ഇരുകമ്പനികളുടെയും അർഹതയിൽ തർക്കം ഉന്നയിച്ചുള്ള രണ്ട് ഉപഹർജികളും ഫയൽ ചെയ്തിട്ടുണ്ട്.
അതേസമയം കോടതി ആവശ്യപ്പെട്ടാൽ എടുക്കുന്ന സ്ഥലത്തിന്റെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക നൽകാൻ തയ്യാറാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.