മാഡ്രിഡ്: യൂറോപ്യൻ വിമാനനിർമാതാക്കളായ എയർബസിൽനിന്നുള്ള രണ്ടാമത്തെ സി-295 സൈനിക യാത്രാവിമാനം ഇന്ത്യയ്ക്ക് കൈമാറി. വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന പഴക്കംചെന്ന അവ്റോ-748 വിമാനങ്ങൾക്കു പകരമായാണ് സി- 295 ട്രാൻസ്പോർട്ട് വിമാനങ്ങൾ വാങ്ങുന്നത്. 5-10 ടൺ ഭാരം വരെ വഹിക്കാൻ സി-295 ട്രാൻസ്പോർട്ട് വിമാനത്തിന് സാധിക്കും. 70 പട്ടാളക്കാർക്ക് വരെ ഇതിൽ യാത്ര ചെയ്യാനാകും. നിലവിൽ വ്യോമസേനയുടെ ഭാഗമായ വിമാനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെയും മറ്റും കൊണ്ടെത്തിക്കാൻ സഹായിക്കുന്നവയാണിത്. സി-295 ന് പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോറുണ്ട്. അതിനാൽ തന്നെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങൾക്കും പ്രയോജനപ്രദമാണ് ഈ വിമാനങ്ങൾ.2031ൽ സി 295 മുഴുവനും വരുന്നതോടെ കാലപ്പഴക്കമേറിയ അവറോ 748 വിമാനങ്ങൾ വ്യോമസേന ഒഴിവാക്കും. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണ് സി 295.
സ്‌പെയ്നിലെ സെവില്ലിലുള്ള എയർബസ് പ്ലാന്റിൽ നിർമ്മിച്ച വിമാനമാണ് ഇപ്പോൾ കൈമാറിയത്. അതേസമയം, വഡോദരയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിൽ ( ടി.എ.എസ്.എൽ ) നിർമ്മിക്കുന്ന സി 295 വിമാനം 2026ൽ പുറത്തിറങ്ങും. 21,935 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ എയർബസുമായി ഏർപ്പെട്ടിരിക്കുന്നത്. 56 വിമാനങ്ങൾക്കാണ് ഇന്ത്യ ഓർഡർ നൽകിയിട്ടുള്ളത്. ഇതിൽ 16 എണ്ണം സ്‌പെയ്നിലെ സെവില്ലിലുള്ള എയർബസ് പ്ലാന്റിലാണ് നിർമ്മിക്കുന്നത്. 2025 ഓഗസ്റ്റിനുള്ളിൽ ഇവ കൈമാറും. ആദ്യ വിമാനം കഴിഞ്ഞ വർഷം സെപ്തംബറിലാണ് വ്യോമസേനയുടെ ഭാഗമായത്. 40 എണ്ണം വഡോദരയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിൽ ( ടി.എ.എസ്.എൽ ) നിർമ്മിക്കാൻ നേരത്തേ കരാറായിരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് നിർമ്മാണം. 10 ടൺ ഭാരവാഹക ശേഷിയുള്ളവയാണ് ഈ വിമാനങ്ങൾ. 30,000 അടി വരെ ഉയരത്തിൽ പറക്കാൻ കഴിയുന്ന വിമാനത്തിൽ 71 സൈനികർക്ക് യാത്ര ചെയ്യാം. ചെറിയ റൺവേയിൽ പോലും ടേക്ക് ഓഫും ലാൻഡിംഗും സാധ്യമാകുന്ന വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 480 കിലോമീറ്ററാണ്. 24.46 മീറ്റർ നീളവും 8.66 മീറ്റർ ഉയരവുമുള്ള വിമാനത്തെ ഒന്നിലധികം ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാകും. പാരഷൂട്ട് / കാർഗോ ഡ്രോപ്പിംഗ്, ഇലക്ട്രോണിക് സിഗ്നൽസ് ഇന്റലിജൻസ്, സമുദ്ര നിരീക്ഷണം, ചരക്ക് നീക്കം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവക്കും സി 295 വിമാനങ്ങളെ ഉപയോഗപ്പെടുത്താം.
സ്പെയ്ൻ, ഈജിപ്റ്റ്, പോളണ്ട്, കാനഡ, ബ്രസീൽ, മെക്സിക്കോ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ഈ വിമാനമാണ് ഉപയോഗിക്കുന്നത്. പൂർണസജ്ജമായ റൺവേയും സി-295ന് ആവശ്യമില്ല. ചെറിയ റൺവേയിൽ പോലും പറയുന്നയരാനും ലാൻഡ് ചെയ്യാനും സാധിക്കുമെന്നതിനാൽ സി-295 വിമാനം എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ ശക്തിപ്പെടും. ടേക്ക് ഓഫിന് 670 മീറ്റർ റൺവേയും ലാൻഡിങ്ങിന് 320 റൺവേയും മാത്രമേ സി-295 വിമാനത്തിന് ആവശ്യമുള്ളു. ഇതുവഴി അടിയന്തര ഘട്ടത്തിൽ മലയോരത്തും മറ്റ് അപ്രാപ്യമായ പ്രദേശങ്ങളിലും അവശ്യസാധനങ്ങൾ ബുദ്ധിമുട്ടില്ലാതെ എത്തിക്കാൻ വ്യോമസേനയ്ക്ക് സാധിക്കും. 56 വിമാനങ്ങളിലും തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുമുണ്ടാകും. ദീർഘദൂരം പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. മണിക്കൂറിൽ 480 കിലോമീറ്റർ വേഗതയിൽ 11 മണിക്കൂർ തുടർച്ചയായി പറക്കാൻ വിമാനത്തിന് സാധിക്കും. അപകടങ്ങളുണ്ടാകുമ്പോഴും മെഡിക്കൽ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താം. പ്രത്യേക ദൗത്യങ്ങളിലും ദുരന്ത മുഖത്തും സി-295 എയർക്രാഫ്റ്റുകൾ ഉപയോഗപ്രദമാണ്. നീളമേറിയ ക്യാബിനും വിമാനത്തിന്റെ പ്രത്യേകതയാണ്.