എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. അതേ സമയം കേരളത്തിൽ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനം. നീതി തേടി ഗവർണർ നിലവിളിക്കുന്നു. ഗവർണർക്ക് പോലും കേരളത്തിൽ രക്ഷയില്ലെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു. അദ്ദേഹത്തിന് പൊലീസിൽ നിന്ന് നീതിയും സുരക്ഷയും സഹായവും സംരക്ഷണവും ലഭിക്കുന്നില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഗവർണറെ ആക്രമിക്കാൻ മുഖ്യമന്ത്രി തൻ്റെ അണികളെ തെരുവിലേക്കയക്കുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എം.എം ഹസൻ രംഗത്തെത്തി . മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാൽ മർദ്ദനവും, ഗവർണർക്കെതിരെ കാട്ടിയാൽ പൊലീസ് സംരക്ഷണം നൽകുമെന്നും വിമർശനം. ഗവർണർക്കെതിരെ പ്രതിഷേധം നടത്തുന്ന എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും എം.എം ഹസൻ പറഞ്ഞു . ഗവർണറെ കായികമായ അക്രമിച്ച് വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായി ആരോപണം. കൊല്ലത്തെ സംഭവം പൊലീസിന് മുൻകൂട്ടി അറിയാമായിരുന്നു. വേണ്ട മുൻകരുതൽ എടുത്തില്ലെന്നും വി മുരളീധരൻ ആരോപിച്ചു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയർന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവർണർക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്ക് കൂടി ബാധകമാക്കിയത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആർപിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.
Read Also : ‘എന്റെ അച്ഛനൊരു സംഘിയല്ല’; ആ വിളി വേദനിപ്പിക്കുന്നുവെന്ന് ഐശ്വര്യ രജനികാന്ത്