എല്ലാം പറയാമെന്ന് വേടൻ
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കേസിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം വേടനെ വിട്ടയച്ചു.
കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടൻ മറുപടി നൽകിയത്.
കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ വ്യക്തമാക്കി. ഇന്ന് രാവിലെ പത്ത് മണിമുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
അതിനിടെ റാപ്പർ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ബഹളവുമായി യുവാക്കൾ രംഗത്തെത്തി. മദ്യപിച്ച് ബഹളം വെച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പതിനെട്ടുകാരന്റെ പേരിലെടുത്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. ആൺകുട്ടിയുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് പോക്‌സോ കേസ് റദ്ദാക്കിയത്.
സഹപാഠിയായ പെണ്‍കുട്ടി തന്നെ സത്യവാങ്മൂലം ഫയല്‍ ചെയ്തതിനാല്‍ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകര്‍ക്കുമെന്നും കേസ് ഇല്ലാതായാല്‍ ഇരുവരും ഒന്നിച്ചു ജീവിക്കാനുളള സാധ്യത കൂടുതലാണെന്നും ആണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് എസ് ഗിരീഷാണ് പതിനെട്ടുകാരന്റെ ഹര്‍ജി പരിഗണിച്ചത്. കൗമാരചാപല്യമാണ് ക്രിമിനല്‍ കേസായി പരിഗണിച്ചതെന്ന് കോടതി വിലയിരുത്തി.
തിരുവനന്തപുരം പോക്‌സോ കോടതിയുടെ പരിഗണനയിലുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
സ്‌കൂളില്‍ സഹപാഠിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു ആണ്‍കുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2023-ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.പതിനെട്ടുകാരനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു.
എന്നാൽ ഈ സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസായിരുന്നു. പതിനെട്ട് വയസാകാന്‍ ആറ് മാസം കൂടിയുണ്ടായിരുന്നു.
രാഹുലിനെതിരെ നിയമ നടപടിക്കില്ലെന്ന് ഇരകൾ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണങ്ങളിൽ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ.
രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.
എന്നാൽ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് ആണ് നടി മൊഴി നൽകി. ട്രാൻസ്‌ജെൻഡർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു.
അതേസമയം ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.
ഗർഭഛിത്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചു. എന്നാൽ നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല.
രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തി.
Summary: Rapper Vedan’s interrogation in the rape case has been completed. Since he has already secured anticipatory bail, police released him after questioning









