കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ് വിവാദമായതിന് പിന്നാലെ കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസർ ആർ അതീഷിനാണ് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും നൽകിയത്.
അതീഷിനെ ടെക്നിക്കൽ അസിസ്റ്റന്റ് പദവിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് പൂർണമായും മാറ്റിനിർത്തുന്നതാണ് നടപടി. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി.
വേടൻറെ അറസ്റ്റ് വിവാദങ്ങൾക്ക് പിന്നാലെയാണ് അതീഷിന്റെ സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും വന്നിരിക്കുന്നത്. സംഭവം വിവാദമായതിന്റേപിന്നാലെ റേഞ്ചിലെ മറ്റ് ചുമതലകൾ അതീഷിന് നൽകരുത് എന്ന് മന്ത്രി നിർദേശം നൽകിയിരുന്നു.
കേസിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചത് തെറ്റായ നിലപാടാണെന്ന് വനംവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് എറണാകുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്നിക്കൽ അസിസ്റ്റന്റ് പദവി ഏറ്റെടുക്കാൻ നിർദേശം നൽകുകയായിരുന്നു.
കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുലിപ്പല്ല് കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ ശ്രീലങ്കൻ ബന്ധം ഉൾപ്പടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു.
പിന്നാലെയാണ് അതീഷിനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടത്.