കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസെടുത്ത് പോലീസ്. യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പരാതിയിൽ ആരോപിച്ചു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി എടുത്തു.
എന്നാൽ, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലുവിന്റെ പ്രതികരണം. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു ആരോപിച്ചു. പണം തട്ടിയെടുക്കാനുള്ള ഭീഷണിയുടെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ പ്രതികരിച്ചു.
2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രമാണ് ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക, നല്ല സമയം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. എന്നാൽ സിനിമയിലൂടെ ലഹരിമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ‘നല്ല സമയം’ ഏറെ വിവാദം നേരിടുകയും റിലീസ് ചെയ്ത മൂന്ന് ദിവസത്തിന് ശേഷം തിയേറ്ററുകളിൽ നിന്നും സിനിമ പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒമർ ലുലുവിനെതിരെ കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു.
Read Also: കേന്ദ്ര സര്‍വീസില്‍ 312 തൊഴിൽ അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം