നിത്യ ജീവിതത്തിൽ നിര്‍മിത ബുദ്ധിയുടെ സ്വാധീനം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം എ ഐ വളർന്നിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഈ തവണത്തെ ഓണം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച കണ്ടന്റുകള്‍ നിറയുന്നതാവും എന്ന് പറയുകയാണ് നടന്‍ രമേഷ് പിഷാരടി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫുട്‌ബോള്‍ താരം റൊണാള്‍ഡോയും ഉള്‍പ്പെടെ പലരും ഇത്തവണത്തെ ഓണത്തിന് നമുക്ക് ആശംസ നേരുമെന്ന് രമേഷ് പിഷാരടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വടംവലിക്കാനും പുലികളിക്കും അന്യഗ്രഹജീവികള്‍ പോലും വരും. പൂ പറിക്കാന്‍ പോകുന്ന കുരുന്നുകളായി മമ്മൂട്ടിയുടേയും ലാലേട്ടന്റേയും ബാല്യം നമ്മള്‍ കാണുമെന്നും നടൻ കുറിച്ചു.
സ്വന്തം ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് രമേശ് പിഷാരടി ഓണത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മരച്ചുവട്ടിലിരുന്ന് എടുത്ത സെല്‍ഫിയാണ് നടന്‍ പങ്കുവെച്ചത്. ‘മരച്ചോട്ടില്‍ ഇരുന്നപ്പോള്‍ ആണല്ലോ, ന്യൂട്ടനും ബുദ്ധനും…’ എന്ന അപൂര്‍ണ്ണമായ വാക്കുകളോടെയാണ് നടൻ തന്റെ കുറിപ്പ് നിർത്തിയിരിക്കുന്നത്.
രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എഐ കണ്ടന്റുകള്‍ നിറയുന്ന ആദ്യത്തെ ഓണം ആയിരിക്കും ഇത്തവണ. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഫുട്‌ബോള്‍ താരം റൊണാള്‍ഡോയും ഉള്‍പ്പടെ പലരും നമുക്ക് ആശംസകള്‍ നേരും. അന്യഗ്രഹജീവികള്‍ പോലും വടം വലിക്കും, പുലികളിക്കും. പൂ പറിക്കാന്‍ പോകുന്ന കുരുന്നുകളായി മമ്മുക്കയുടെയും ലാലേട്ടന്റെയും ബാല്യം നാം കാണും. കാഴ്ചകളുടെ ഒരാഴ്ച തന്നെ കടന്നു പോകും.
അപ്പോള്‍ എഐ കാഴ്ചകള്‍ക്ക് വില കൂടും. പിന്നെ ഇതിനുംഅപ്പുറമുള്ള ഓണം ആകുമ്പോഴേക്കും കാണുന്നതിലെ സത്യവും മിഥ്യയും തിരിച്ചറിയാന്‍ നമുക്ക് പറ്റാതെയാകും… അപ്പോള്‍ സത്യത്തിനു സത്യമായും വില കൂടും. മരച്ചോട്ടില്‍ ഇരുന്നപ്പോള്‍ ആണല്ലോ… ന്യൂട്ടനും… ബുദ്ധനും…
വിവാദങ്ങൾക്കിടെ ടൊവിനോയുമായുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ
വിവാദങ്ങള്‍ക്കിടെ നടന്‍ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് നടൻ ഉണ്ണി മുകുന്ദന്‍. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയിട്ടാണ് താരം സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
ആക്ടര്‍ ടൊവിനോ എന്ന് ഉണ്ണി മുകുന്ദന്‍ സേവ് ചെയ്ത നമ്പറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് സ്റ്റോറിയിൽ ഉള്ളത്. കഴിഞ്ഞദിവസം രാവിലെ 7.34-ന് ഉണ്ണി മുകുന്ദന്‍ അയച്ച മെസേജിന് ടൊവിനോ പത്തുസെക്കന്‍ഡുള്ള വോയ്‌സ് മെസേജ് മറുപടി അയച്ചിട്ടുണ്ട്.
ഇതിന് മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റിക്കറാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയിരിക്കുന്നത്. പിന്നാലെ മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കര്‍ ടൊവിനോയും തിരിച്ചയച്ചിട്ടുണ്ട്. തുടർന്ന് ഇന്ന് രാവിലെ ഉണ്ണി മുകുന്ദന്‍ അയച്ച, ബറോസിന്റെ സെറ്റില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കറാണ് അവസാന മെസേജ്.
സ്റ്റോറിയ്ക്ക് പിന്നാലെ പരോക്ഷ പ്രതികരണമായി ഫെയ്‌സ്ബുക്കില്‍ ഒരു റീലും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇരുമ്പില്‍ തീര്‍ത്ത കുന്തവുമായി സിംഹത്തെ വേട്ടായാടാന്‍ ശ്രമിക്കൂ, നിങ്ങളുടെ നായകള്‍ക്ക് അതിനുമാത്രം ശക്തിയുള്ള നഖങ്ങളില്ല’, എന്ന ക്യാപ്ഷനോടെയാണ് റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘മാര്‍ക്കോ’യില്‍ നിന്നുള്ള ഒരു ഭാഗം ആണ് റീലായി പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ ഈ വാക്കുകൾ കുറിച്ചത്.
ടൊവിനോയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെന്‍ഷന്‍ ചെയ്താണ് ഉണ്ണി മുകുന്ദന്‍ സ്‌റ്റോറി പങ്കുവെച്ചത്. ടൊവിനോ നായകനായ ‘നരിവേട്ട’യെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിനു തന്നെ ഉണ്ണി മുകുന്ദന്‍ മർദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാർ പരാതി നൽകിയിരുന്നത്.