തിരുവനന്തപുരം: തിരുവനന്തപുരത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.(Rambutan stuck in throat; A tragic end for a five-month-old baby)
പൂജവെപ്പിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പഴങ്ങളിൽ നിന്നും ബന്ധുക്കളായ മറ്റു കുട്ടികൾ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികളുടെ അടുത്ത് മുതിർന്നവർ ഉണ്ടായിരുന്നില്ല. കരച്ചിൽ കേട്ട് കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴാണ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് ഡോക്ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.