‘എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും’…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും
കണ്ണൂർ രാമന്തളിയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ഹിമയും രണ്ടുവയസുകാരൻ കണ്ണനും നാടിന്റെ കണ്ണീരായി മാറുന്നു.
കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ ദാരുണമായ സംഭവത്തിൽ, കുഞ്ഞുങ്ങൾക്ക് വിഷം കൊടുത്ത് കൊന്ന ശേഷം പിതാവ് കലാധരനും കലാധരന്റെ അമ്മ ഉഷയും ജീവനൊടുക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
കലാധരനും ഭാര്യയും തമ്മിൽ ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. കുട്ടികളെ ഭാര്യയ്ക്കൊപ്പം വിട്ടുകൊടുക്കണമെന്ന കുടുംബകോടതി വിധിക്ക് പിന്നാലെയാണ് കൂട്ടമരണം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മക്കളെ കൊന്ന ശേഷം കലാധരനും അമ്മയും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കലാധരനെയും കുട്ടികളെയും ഭാര്യ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
കുട്ടികൾ കലാധരനോടൊപ്പം തന്നെ കഴിയാൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ കുട്ടികളെ തിരികെ ലഭിക്കാനായി ഭാര്യ തുടർച്ചയായി സമ്മർദം ചെലുത്തിയതുമാണ് കലാധരനെ ഈ അറ്റത്തേക്ക് എത്തിച്ചതെന്നും ബന്ധുവായ ബാലു മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികൾ അമ്മയുടെ വീട്ടിൽ കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നുവെന്നും, ഭക്ഷണവും വസ്ത്രവും ലഭിക്കാതിരുന്നുവെന്നും ബാലു ആരോപിച്ചു.
‘അച്ഛന്റെ കൂടെയായിരിക്കാൻ ആണ് കുട്ടികൾ ആഗ്രഹിച്ചത്. അമ്മയുടെ വീട്ടിലേക്ക് പോകേണ്ടെന്നായിരുന്നു മകൾ ഹിമ പറഞ്ഞത്. പോയാൽ അവര്‍ കൊല്ലുമെന്ന് വരെ കുട്ടി പറഞ്ഞിരുന്നു,’ ബാലു പറഞ്ഞു.
അയൽവാസികൾക്കും ഈ പ്രശ്നങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി ഒൻപത് മണിയോടെ ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സിറ്റൗട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്.
പിന്നീട് കതക് ബലമായി തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പിന്നീട് പൊലീസിന് കൈമാറി.
കുടുംബ പ്രശ്നം അതീവ രൂക്ഷമായിരുന്നുവെന്നും, പരിഹാരം കാണാൻ പൊതുപ്രവർത്തകരടക്കം പലരും ഇടപെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു.
English Summary
The tragic death of five-year-old Hima and two-year-old Kannan in Ramanthali, Kannur, has left the entire region in deep sorrow. Their father Kaladharan allegedly poisoned the children to death before committing suicide along with his mother, Usha. The incident reportedly followed a family court verdict granting custody of the children to the mother. Relatives allege prolonged family disputes and claim the children wished to stay with their father. Police are investigating the incident, which has shocked the community.
ramanthali-family-tragedy-hima-kannan-kannur
kannur, ramanthali, family tragedy, child death, suicide case, custody dispute, kerala news









