കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ അതും രാജാ രവിവർമ്മയുടെ; ഇക്കണക്കിനാണെങ്കിൽ നശിച്ച് നാറാണ കല്ല് കാണും
തിരുവനന്തപുരം: രാജാ രവിവർമ്മയുടെ കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ അമൂല്യ കലാസൃഷ്ടികൾ സംരക്ഷിക്കാനായി ആരംഭിച്ച മ്യൂസിയം ആർട്ട് കൺസർവേഷൻ ലാബ് ഒന്നര വർഷമായി പൂട്ടിയിട്ട നിലയിൽ.
കൺസർവേറ്റർമാരുടെ ശമ്പള വർധനയ്ക്ക് സർക്കാർ അംഗീകാരം ലഭിക്കാത്തതിനെ തുടർന്നാണ് ലാബിന്റെ പ്രവർത്തനം നിലച്ചതെന്ന് മ്യൂസിയം ഡയറക്ടറേറ്റ് അറിയിച്ചു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചിത്രങ്ങൾ പുതുമ ചോരാതെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2021ലാണ് കൺസർവേഷൻ ലാബ് പ്രവർത്തനം ആരംഭിച്ചത്.
രാജ്യത്തെ പ്രമുഖ സീനിയർ ആർട്ട് കൺസർവേറ്ററായ എസ്. ഗിരികുമാറിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ജർമനിയിൽ നിന്ന് ഒന്നര കോടി രൂപയിലധികം ചെലവഴിച്ചാണ് സക്ഷൻ ടേബിൾ, ഫ്യൂം എക്സ്ട്രാക്ടർ, ഹൈഎൻഡ് ക്യാമറ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ ലാബിൽ സ്ഥാപിച്ചത്.
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നാല് ആർട്ട് കൺസർവേറ്റർമാരെ ലാബിലേക്ക് നിയമിച്ചിരുന്നു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, രാജസ്ഥാനിലെ സിറ്റി പാലസ് മ്യൂസിയം എന്നിവിടങ്ങളിലാണ് രാജ്യത്ത് സമാന സൗകര്യങ്ങളുള്ള മറ്റ് ലാബുകൾ പ്രവർത്തിക്കുന്നത്.
സമീപകാലത്ത് ലണ്ടനിൽ നടന്ന ലേലത്തിൽ രാജാ രവിവർമ്മയുടെ ഒരു ചിത്രം 13 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.
നിലവിൽ മ്യൂസിയത്തിൽ മാത്രം രവിവർമ്മയുടെ 56 ചിത്രങ്ങളും 96ലധികം സ്‌കെച്ചുകളും മറ്റ് കലാകാരന്മാരുടെ ചിത്രങ്ങളും സംരക്ഷണത്തിനുണ്ട്. ലാബ് പ്രവർത്തിച്ചിരുന്ന കാലയളവിൽ നൂറോളം ചിത്രങ്ങൾ സംരക്ഷിക്കാനും സാധിച്ചു.
കൺസർവേറ്റർമാരുടെ 40,000 രൂപ മുതലുള്ള ശമ്പളം ഒരു വർഷത്തിന് ശേഷം വർധിപ്പിച്ചെങ്കിലും അതിന് ധനവകുപ്പിന്റെ അനുമതി ആവശ്യമായതോടെ ശമ്പളം മുടങ്ങി. മാസങ്ങളോളം കുടിശികയായതോടെ ജീവനക്കാർ ജോലി ഉപേക്ഷിക്കുകയും ലാബ് പൂട്ടപ്പെടുകയും ചെയ്തു.
ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത വിലയേറിയ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കപ്പെടാതെ നശിക്കുന്ന നിലയിലാണ്.
ശമ്പള വർധന നിയമലംഘനമായാണ് നടന്നതെന്നും അത് പരിഹരിക്കാൻ നിയമ-ധന വകുപ്പുകൾക്ക് ഫയൽ കൈമാറിയിട്ടുണ്ടെന്നും മ്യൂസിയം ഡയറക്ടർ പി.എസ്. മഞ്ജുളാദേവി അറിയിച്ചു.
രാജാ രവിവർമ്മയുടെ ചിത്രങ്ങളുടെ സംരക്ഷണം അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമാണെന്നും സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്നും സീനിയർ ആർട്ട് കൺസർവേറ്റർ എസ്. ഗിരികുമാർ ചൂണ്ടിക്കാട്ടി.
English Summary
The art conservation laboratory at the Thiruvananthapuram museum, established to preserve priceless paintings including works by Raja Ravi Varma, has remained shut for the past one and a half years. The closure was caused by a dispute over salary hikes for art conservators, which lacked government approval. As a result, conservators resigned, operations ceased, and expensive imported equipment now lies unused, raising concerns over the preservation of artworks of national and international ,significance.
raja-ravi-varma-art-conservation-lab-closed-thiruvananthapuram
Raja Ravi Varma, Art Conservation, Thiruvananthapuram Museum, Kerala Culture, Heritage Preservation, Museum News









