വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
ലഖ്നൗ ∙ ട്രെയിൻ വൈകിയതിനെ തുടർന്ന് നിർണായക പ്രവേശനപരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്.
ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് അനുകൂല വിധി ലഭിച്ചത്. 45 ദിവസത്തിനകം നഷ്ടപരിഹാരത്തുക നൽകണമെന്നും, കാലതാമസം സംഭവിച്ചാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സമൃദ്ധിക്ക് നീതി ലഭിച്ചതെന്ന് അവരുടെ അഭിഭാഷകൻ പ്രഭാകർ മിശ്ര അറിയിച്ചു. 2018 മെയ് 7നാണ് കേസിന് ആധാരമായ സംഭവം നടന്നത്.
അന്ന് ലഖ്നൗവിൽ നടത്താനിരുന്ന ബിഎസ്സി ബയോടെക്നോളജി കോഴ്സിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാൻ സമൃദ്ധിക്ക് കഴിയാതെപോയത് ട്രെയിൻ വൈകിയതിനാലായിരുന്നു.
എൻട്രൻസ് പരീക്ഷയ്ക്കായി ഏകദേശം ഒരു വർഷത്തോളം കഠിനമായ പരിശീലനമാണ് സമൃദ്ധി നടത്തിയിരുന്നത്.
പരീക്ഷ കേന്ദ്രമായി നിശ്ചയിച്ചിരുന്നത് ലഖ്നൗവിലെ ജയ്നാരായൺ പി.ജി. കോളേജിലായിരുന്നു. പരീക്ഷയ്ക്കായി ബസ്തിയിൽ നിന്ന് ലഖ്നൗവിലേക്ക് പോകാൻ സമൃദ്ധി ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു.
രാവിലെ 11 മണിയോടെ ട്രെയിൻ ലഖ്നൗവിൽ എത്തുമെന്നായിരുന്നു ഷെഡ്യൂൾ. പരീക്ഷാകേന്ദ്രത്തിൽ 12.30നാണ് ഹാജരാകേണ്ടിയിരുന്നത്.
എന്നാൽ, അന്നേദിവസം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രണ്ടര മണിക്കൂറിലധികം വൈകിയെത്തി.
ഇതോടെ പരീക്ഷാകേന്ദ്രത്തിൽ സമയത്ത് എത്താൻ സാധിക്കാതെ സമൃദ്ധിക്ക് പ്രവേശനപരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി.
ഇത് തന്റെ വിദ്യാഭ്യാസ ജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് സമൃദ്ധിയുടെ വാദം.
സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമൃദ്ധി അഭിഭാഷകൻ മുഖേന ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനെ സമീപിച്ചു.
കമ്മിഷൻ റെയിൽവേ മന്ത്രാലയം, റെയിൽവേ ജനറൽ മാനേജർ, സ്റ്റേഷൻ സൂപ്രണ്ട് എന്നിവർക്ക് നോട്ടീസ് അയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
തുടർന്ന് ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട കമ്മിഷൻ, സമയബന്ധിതമായ സേവനം ഉറപ്പാക്കുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു.
ട്രെയിൻ വൈകിയെന്ന കാര്യം റെയിൽവേ അംഗീകരിച്ചെങ്കിലും അതിന് കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.









