ബെംഗളൂരൂ: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നിരവധി പുതുമകളോടെയാണ് ട്രെയിനെത്തുന്ന തെന്നും മൂന്ന് മാസത്തിനകം സര്‍വീസ് തുടങ്ങുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.Railway Minister that Vandebharat sleeper trains will start service within three months
ബെംഗളൂരുവിലെ ബിഇഎംഎലിൽ എത്തിയ മന്ത്രി കോച്ചുകൾ അടക്കം സന്ദർശിച്ച് വിലയിരുത്തൽ നടത്തി. ഇതിന്റെ വിഡിയോയും പുറത്തുവന്നു.
പരമാവധി 160 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന സ്ലീപ്പർ ട്രെയിനിൽ എസി കംപാര്‍ട്ട്മെന്‍റുകളുള്‍പ്പടെ 16 കോച്ചുകളാണ് ഉണ്ടാവുക. ആകെ 823 ബെര്‍ത്തുകളുണ്ടാകും.
ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള സൗകര്യം, സ്നാക് ടേബിള്‍ തുടങ്ങിയവ സജ്ജമാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
പൂര്‍ണമായും യൂറോപ്യന്‍ നിലവാരത്തില്‍ തയാറാക്കുന്ന കോച്ചുകള്‍ യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരത്തിലെ യാത്രാനുഭവം നല്‍കുമെന്നാണ് കണ്‍സള്‍ട്ടന്‍റായ ഇസി എൻജിനിയറിങ് പറയുന്നത്.
യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യപ്രദമാര്‍ന്ന യാത്രയ്ക്കുമാണു കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ട്രെയിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്.
കൂട്ടിയിടി ഒഴിവാക്കുന്നതിനായി കവച് സംവിധാനം സ്ലീപ്പര്‍ ട്രെയിനിലുണ്ടാകും. സെന്‍സര്‍ വാതിലുകളും പരിസ്ഥിതിക്ക് ഇണങ്ങുന്ന ശുചിമുറിയുമാകും സ്ലീപ്പറിലുണ്ടാവുക.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ ചെയർ കാർ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകൾ ലോകത്തെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇടത്തരക്കാർക്കുള്ള ഗതാഗത മാർഗം എന്നനിലയിൽ യാത്രാനിരക്കു താങ്ങാനാവുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.