തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം നിഷേധിച്ച് കോടതി. രാഹുലിനെ ഈ മാസം 22 വരെ റിമാൻഡ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിൽ വെച്ച് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
നേരത്തേ ഫോർട്ട് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ പരിശോധന നടത്തിയതിനു ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്. പരിശോധനയിൽ രാഹുലിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തി. രാഹുൽ മാങ്കൂട്ടത്തിൽ സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ പറഞ്ഞു. രാഹുലിന് ഉടനടി ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റിയ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റ് പ്രതികൾ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തി. നാലാം പ്രതിയായ രാഹുലിനു ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമെന്നും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പാലക്കാട് ടൗൺ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. പത്തനംതിട്ടയിലും ഇടുക്കിയിലും തൃശ്ശൂരിലും കോട്ടയത്തും പ്രതിഷേധം നടന്നു. തൃശൂരിൽ ജലപീരങ്കി പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ തടഞ്ഞത്.
Read Also: ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ വേണ്ട, സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ