ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഖത്തര്‍ എയര്‍വെയ്സ് പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിർത്തിവെച്ചു. വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തിലാണ് വിമാനക്കമ്പനിയുടെ നടപടി.
നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും എയര്‍ലൈന്‍സ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു.
അതേസമയം, തടസ്സപ്പെട്ട വിമാനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് യാത്രക്കാര്‍ http://qatarairways.com എന്ന വെബ്സൈറ്റ് പരിശോധിക്കണമെന്നും അല്ലെങ്കില്‍ 00974 4144 5555 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍ 48 മണിക്കൂര്‍ നേരത്തേക്ക് വ്യോമാതിര്‍ത്തി അടച്ചതായി പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (പിസിഎഎ) വക്താവ് അറിയിച്ചു. ഇസ്ലാമാബാദ്, ലാഹോര്‍ വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ 5.29 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജയ്സൽമേർ, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിന്‍ഡന്‍,ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്.
430 സര്‍വീസുകളാണ് വ്യാഴാഴ്ച മാത്രം റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.
കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന്‍ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ 147 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്.